തര്‍ക്കം ബാക്കി; മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി രൂപീകരണം വൈകുന്നു

സമീര്‍  കല്ലായി

മലപ്പുറം: ജില്ലാ കമ്മിറ്റികളെയും സംസ്ഥാന ഭാരവാഹികളെയും ചൊല്ലിയുള്ള തര്‍ക്കം തീരാത്തതിനാല്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി രൂപീകരണം വൈകുന്നു. നേരത്തേയുള്ള തീരുമാനപ്രകാരം ഈ ഡിസംബറില്‍ സംസ്ഥാന കമ്മിറ്റി നിലവില്‍ വരേണ്ടതാണ്. എന്നാല്‍, അഞ്ച് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നതാണ് നിലവിലെ സ്ഥിതി. കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ ജില്ലാ കമ്മിറ്റികളാണ് ഇനി നിലവില്‍ വരാനുള്ളത്. ഇതിനു ശേഷമേ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കാനാവൂ. സംസ്ഥാന ഭാരവാഹികളെ ചൊല്ലിയും തര്‍ക്കം ബാക്കിനില്‍ക്കുന്നുണ്ട്. നിലവിലെ സ്ഥിതിയില്‍ പ്രധാന ഭാരവാഹികള്‍ക്ക് മാറ്റമുണ്ടാവില്ലെന്നായിരുന്നു കരുതിയിരുന്നത്. അതേസമയം, ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് കെ എം ഷാജി കരുനീക്കിയത് പാര്‍ട്ടിയില്‍ പുതിയ വഴിത്തിരിവിനു കാരണമായിട്ടുണ്ട്. സമവായമെന്നോണം പി കെ കുഞ്ഞാലിക്കുട്ടി എംപിയെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കണമെന്ന നിര്‍ദേശവും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. നേരത്തേ ഇ അഹമ്മദ് അഖിലേന്ത്യാ-സംസ്ഥാന ജന. സെക്രട്ടറി സ്ഥാനങ്ങള്‍ ഒരുമിച്ച് വഹിച്ചിട്ടുണ്ടെന്നതാണ് ഈ നിലപാടിനെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഷാജിയെ സഹഭാരവാഹിയാക്കാമെന്നും ഈ വിഭാഗം നിര്‍ദേശിക്കുന്നു. അതേസമയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നു മാറിനില്‍ക്കുന്ന സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റരുതെന്ന് വലിയൊരു വിഭാഗത്തിന് അഭിപ്രായമുണ്ട്. മജീദിനു പാര്‍ട്ടിയെ വേണ്ടവിധത്തില്‍ ചലിപ്പിക്കാനാവുന്നില്ലെന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന പരാതി. എന്നാല്‍, സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണ മജീദിന് തുണയാവുമെന്നാണ് കരുതുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ ഇരുവരും ദീര്‍ഘകാലം ഇരുന്നിട്ടുണ്ട്. ഭാരവാഹിയാവാനുള്ള കെ എം ഷാജിയുടെ നീക്കത്തിന് പ്രധാനമായും എതിരുനില്‍ക്കുന്നത് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലയില്‍ നിന്നുള്ള നേതാക്കളാണ്. ഒരാള്‍ക്ക് ഒരു പദവിയെന്ന പ്രഖ്യാപിത നിലപാടില്‍ എംഎല്‍എമാരെ ഒഴിവാക്കിയാല്‍ തങ്ങളെയും പരിഗണിക്കണമെന്നാണ് ജില്ലയില്‍ നിന്നുള്ള ചില എംഎല്‍എമാരുടെ നിലപാട്. ഖജാഞ്ചി സ്ഥാനത്ത് നിലവിലുള്ള പി കെ കെ ബാവയെ മാറ്റാനിടയില്ല. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയുടെ ചുമതലയും അദ്ദേഹത്തിനുള്ളതിനാല്‍ തുടരാനാണ് സാധ്യത. മുസ്‌ലിംലീഗ് മെംബര്‍ഷിപ്പ് കാലാവധി മൂന്നു വര്‍ഷമാണ്. ഇപ്പോള്‍ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പുതിയ കമ്മിറ്റി രൂപീകരിക്കാനാവാത്തത് പാര്‍ട്ടിയെ പിന്നോട്ടടിപ്പിക്കുമെന്നാണ് അണികളുടെ സംസാരം.
Next Story

RELATED STORIES

Share it