palakkad local

തരൂരില്‍ കൊടി പാറിക്കാന്‍ ഉശിരന്‍ പോരാട്ടം

ആലത്തൂര്‍: പാലക്കാട് രാജവംശത്തിന്റെ ആസ്ഥാനമായ തരൂരില്‍ ജനാധിപത്യത്തിന്റെ ബലപരീക്ഷണത്തിന് ഇക്കുറി ഉശിരന്‍ പോരാട്ടം. ചരിത്രത്തിന്റെ കാണാപുറങ്ങളിലേക്ക് പോയ രാജാധിപത്യത്തിന് പകരം ജനാധി പ ത്യത്തിന്റെ ചേരിയില്‍ തരൂര്‍ ഇക്കുറി ആരെ തുണയ്ക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ എ കെബാലന്‍ മല്‍സരിക്കുന്ന മണ്ഡലം എന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലമാണിത്.
മാത്രമല്ല കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പില്‍ നിന്ന് കോണ്‍ഗ്രസ് അവസാന നിമിഷം ഏറ്റെടുത്ത മണ്ഡലം എന്ന നിലയിലും സംസ്ഥാന തലത്തില്‍ ചര്‍ച്ചയായ മണ്ഡലമാണിത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിങ്ങോട്ടുകുറിശ്ശി, കുത്തന്നൂര്‍, തരൂര്‍, പുതുക്കോട് പഞ്ചായത്തുകള്‍ യുഡിഎഫും കോട്ടായി, കാവശ്ശേരി, കണ്ണമ്പ്ര ,വടക്കഞ്ചേരി പഞ്ചായത്തുകള്‍ എല്‍ഡിഎഫുമാണ് ഭരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം മണ്ഡലത്തില്‍ നിന്ന് ലഭിച്ചതുമില്ല. ഇതൊക്കെയാണെങ്കിലും മണ്ഡലം ഇടതുപക്ഷത്തിന്റെ ശക്തി ഭുര്‍ഗം തന്നെയാണ്. എ കെ ബാലന്റെ സ്ഥാനാര്‍ഥിത്വം തന്നെയാണ് മണ്ഡലത്തിലെ പ്രധാന പ്രത്യേകത. എല്‍ഡിഎഫിന് പ്രതീക്ഷ പകരുന്നതും ഈ പ്രത്യേകതയാണ്. എന്നാല്‍ ബാലന്റെ ഹൈവോള്‍ട്ടേജ് മറികടക്കാന്‍ 45 വര്‍ഷക്കാലം എല്‍ഡിഎഫ് ഭരിച്ച കുഴല്‍മന്ദം പഞ്ചായത്ത് യുഡി എഫിനായി തിരിച്ചു പിടിക്കുകയും പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്ത സി പ്രകാശനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് നല്‍കിയ മണ്ഡലം പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ പ്രതിഷേധം മൂലം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മണ്ഡലം ഏറ്റെടുത്തതായി പരസ്യമായി പ്രസ്താവിക്കുകയായിരുന്നു. ഇതില്‍ കേരള കോണ്‍ഗ്രസ്സിന് നീരസം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നാണ് പറയുന്നത്. ആഞ്ഞു പിടിച്ചാല്‍ എ കെ ബാലനെ വരെ മറിച്ചിടാമെന്ന സ്വകാര്യ അഹങ്കാരവും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
ഇതിനായുള്ള പ്രവര്‍ത്തനത്തിലാണ് യുഡിഎഫ് എന്നാല്‍ യുഡിഎഫിന്റേത് മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. എങ്കിലും മണ്ഡലം ഉറച്ചതാണെന്ന അലസതയും അഹങ്കാരവും പാടില്ലെന്ന് താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിഡിജെഎസിനും നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ അവരുടെ വോട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ചുള്ള പ്രചാരണത്തിലാണ് ബിജെപി സ്ഥാനാര്‍ഥി കെവിദിവാകരനും. മൂന്ന് മുന്നണികളും സജീവമായ രാഷ്ട്രീയ പ്രബുദ്ധതയുള്ള തരൂരിന്റെ മനസ്സ് ഇക്കുറി എങ്ങോട്ട് ചായും? കാത്തിരുന്ന് കാണാം.
Next Story

RELATED STORIES

Share it