തമ്പാനൂര്‍ രവിക്കെതിരേ പാര്‍ട്ടിയില്‍ അപ്രഖ്യാപിത നടപടി; പാര്‍ട്ടി പരിപാടികളില്‍ നിന്നു മാറ്റിനിര്‍ത്തി

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ നീക്കങ്ങള്‍ നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരേ അപ്രഖ്യാപിത നടപടി. തമ്പാനൂര്‍ രവിയെ സംഘടനാ ചുമതലകളിലും പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തി. സംഘടനാപരമായ നടപടി സ്വീകരിക്കാതെയാണ് നടപടി സ്വീകരിച്ചത്. സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തമ്പാനൂര്‍ രവിക്കെതിരേ വി എം സുധീരന്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നത്. കാര്യമായ സംഘടനാ ചുമതലകളൊന്നും രവിയെ ഏല്‍പ്പിച്ചിരുന്നില്ല.

സാധാരണ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ രവിയുടെ പേരിലാണ് കെപിസിസിയുടെ അറിയിപ്പുകളും പ്രസ്താവനകളും ഇറക്കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസത്തെ നേതൃയോഗങ്ങളുടെ അറിയിപ്പ് രവിക്കു പകരം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നേരിട്ടാണ് നല്‍കിയത്. നേതൃയോഗങ്ങളില്‍ സ്വാഗതം പറയുന്ന ചുമതലയില്‍ നിന്നും തമ്പാനൂര്‍ രവിയെ ഒഴിവാക്കിയിരുന്നു. കെപിസിസി നിര്‍വാഹകസമിതി യോഗത്തിലും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തിലും രവി പങ്കെടുത്തില്ല. ജനരക്ഷായാത്രയുടെ സമാപന സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞത് തിരുവനന്തപുരം ഡിസിസി പ്രസിഡന്റാണ്.
മുഖ്യമന്ത്രിയുടെ ഉറ്റ അനുയായി ആയ രവിയെ മാറ്റിനിര്‍ത്തുന്നതില്‍ എ ഗ്രൂപ്പിന് കടുത്ത നീരസമുണ്ട്. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് തമ്പാനൂര്‍ രവി സരിതയെ വിളിച്ചതിന്റെ ശബ്ദരേഖ നേരത്തേ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. രവിയെ ഭാരവാഹിത്വത്തില്‍ നിന്നു തന്നെ മാറ്റണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്ക്. അതേസമയം, തമ്പാനൂര്‍ രവിയെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയെന്നത് അടിസ്ഥാനരഹിതമാണെന്ന് കെപിസിസി ഖജാഞ്ചി അഡ്വ. ജോണ്‍സണ്‍ എബ്രഹാം പറഞ്ഞു.
Next Story

RELATED STORIES

Share it