തമ്പാനൂര്‍ രവിക്കും സുകേശനും ഇരട്ടനീതിയെന്ന് ആക്ഷേപം

തിരുവനന്തപുരം: ശബ്ദരേഖ തെളിവായി സ്വീകരിക്കുന്ന കാര്യത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയോടും വിജിലന്‍സ് എസ്പി ആര്‍ സുകേശനോടും ഇരട്ടനീതിയെന്ന് ആക്ഷേപം. സുകേശനെതിരേ ശബ്ദരേഖ തെളിവായി സ്വീകരിച്ചതോടെയാണ് ആഭ്യന്തരവകുപ്പിന്റെ ഇരട്ടത്താപ്പു വ്യക്തമാവുന്നത്.
സോളാര്‍ കേസില്‍ തമ്പാനൂര്‍ രവിയുടെ ഇടപെടലിനു തെളിവായി ശബ്ദരേഖ പുറത്തു വന്നെങ്കിലും കേസെടുക്കാനാവില്ലെന്നാണ് പോലിസിന്റെ വിശദീകരണം. കൃത്രിമം ആണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ തന്നെ വിധിയെഴുതിയ സിഡിയാണ് ഇപ്പോള്‍ സുകേശനെതിരായ പ്രധാന തെളിവായി വിജിലന്‍സ് ആരോപിക്കുന്നത്. എന്നാല്‍, സോളാര്‍ കേസില്‍ തമ്പാനൂര്‍ രവിയുടെ ശബ്ദരേഖ സ്പഷ്ടവും ശബ്ദം തന്റേതാണെന്ന് രവി തന്നെ സ്ഥിരീകരിച്ചിട്ടും ഇതു തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് പോലിസിന്റെ വാദം. ബാര്‍ കോഴക്കേസില്‍ തെളിവായി ശബ്ദരേഖയടങ്ങുന്ന മൊബൈലും സിഡിയുമാണ് 2015 മാര്‍ച്ച് 31ന് ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ബാറുടമകളുടെ യോഗത്തില്‍ കോഴ ഇടപാട് സ്ഥിരീകരിക്കുന്നതിന്റെ ശബ്ദരേഖയായിരുന്നു സിഡിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, അന്വേഷണ വേളയില്‍ ബാറുടമകളെല്ലാം ബിജുവിനെതിരേയാണ് മൊഴി നല്‍കിയത്. ശബ്ദരേഖ വിശ്വസനീയമല്ലെന്നും വെട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിരിക്കാമെന്നും ഫോറന്‍സിക് സംഘവും റിപോര്‍ട്ട് നല്‍കി. ശബ്ദരേഖ തെളിവായി സ്വീകരിക്കാനാവില്ലെന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ നിയമോപദേശവും നല്‍കി. തുടര്‍ന്ന് വിജിലന്‍സ് ശബ്ദരേഖ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്തു.
എന്നാല്‍, എസ്പി ആര്‍ സുകേശനെതിരായ അന്വേഷണത്തിന്റെ കാര്യത്തില്‍ വിജിലന്‍സ് പിന്നീട് നിലപാടു മാറ്റുകയായിരുന്നു.
അതേസമയം, സോളാര്‍ കേസില്‍ തമ്പാനൂര്‍ രവി പ്രതി സരിത നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ഫോണ്‍സംഭാഷണം അടിസ്ഥാനമാക്കി കേസെടുക്കണമെന്നായിരുന്നു വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതി. മുഖ്യമന്ത്രിയെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നു പറയണമെന്നാണ് ശബ്ദരേഖയില്‍ രവി സരിതയോടു പറയുന്നത്. എന്നാല്‍, പ്രാഥമിക അന്വേഷണം പോലും നടത്താതെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പരാതി തള്ളുകയായിരുന്നു.
അതേസമയം, ബാര്‍ കോഴക്കേസില്‍ സുകേശനെതിരേ ശബ്ദരേഖ തെളിവായി ക്രൈംബ്രാഞ്ച് സ്വീകരിച്ചതോടെ കേസ് വീണ്ടും വിവാദത്തിലായേക്കും. സിഡിയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്തു പരിശോധിക്കുന്നത് നിയമപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും. ഇതേ സിഡിയില്‍ തന്നെ കെ എം മാണിക്കെതിരായ വെളിപ്പെടുത്തലുകള്‍ ഉണ്ടെങ്കിലും ആധികാരികമല്ലെന്ന കാരണത്താല്‍ വിജിലന്‍സ് തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it