Kerala

തമിഴ് സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു

സ്വന്തം പ്രതിനിധി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കേരളം നിലപാട് കടുപ്പിച്ചതോടെ തമിഴ്‌നാട്ടില്‍ വിവിധ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 27ന് കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ കുമളിക്ക് സമീപം വിവിധ സംഘടനകള്‍ ഉപവാസ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഫോര്‍വേഡ് ബ്ലോക്ക്, വിടുതലൈ ചിറുതൈ കക്ഷികള്‍, തമിഴ്‌നാട് ദേശീയ ഇയക്കം, കേരളാ തമിഴ് കൂട്ടമയ്പ്പ് തുടങ്ങിയ സംഘനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയത്. എന്നാല്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടത് തമിഴ് ജനതയോടുള്ള വെല്ലുവിളിയാണ്. ഇത് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണ്. മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രസ്താവന ഇരു സംസ്ഥാനങ്ങളിലേയും ആളുകള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും ഇവര്‍ പറയുന്നു. മാത്രമല്ല ചപ്പാത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ സമര സമിതിയുടെ പ്രവര്‍ത്തനം കോടതി ഇടപെട്ടു മരവിപ്പിക്കണമെന്നും നേതാക്കളുടെ പേരില്‍ കേസെടുക്കണമെന്നും തമിഴ് സംഘടനകള്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it