malappuram local

തമിഴ് നടന്റെ പേരില്‍ സഹായ വാഗ്ദാനം നല്‍കി തട്ടിപ്പ്;പ്രതി അറസ്റ്റില്‍

മഞ്ചേരി: തമിഴ് നടന്റെ പേരില്‍ സഹായ വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പു നടത്തിയയാളെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടാരക്കര മാമൂട്ടില്‍ ഷൈജു (47)വാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടു നിര്‍മിക്കാന്‍ തമിഴ് നടന്‍ 25 ലക്ഷം രൂപ നല്‍കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് നാലു കുടുംബങ്ങളില്‍ നിന്നു 20,000 രൂപവീതം തട്ടിയെടുക്കുകയായിരുന്നു. മഞ്ചേരി പുല്ലഞ്ചേരി സ്വദേശികള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ആറു വര്‍ഷമായി മലപ്പുറത്തു താമസിക്കുന്ന ഷൈജു തട്ടിപ്പിനിരയായവരെ മഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി കോടതി പരിസരത്തുനിര്‍ത്തിയ ശേഷം രേഖകള്‍ ശരിയാക്കാനെന്ന പേരിലാണ് പണം വാങ്ങിയത്. പിന്നീട് മുദ്ര കടലാസുകള്‍ വാങ്ങാനെന്ന വ്യാജേന പണവുമായി മുങ്ങുകയായിരുന്നു. മൊബൈല്‍ ഫോണില്‍ ഇയാളുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് കുടുംബങ്ങള്‍ തട്ടിപ്പു മനസിലാക്കി പോലിസില്‍ പരാതി നല്‍കിയത്. സംസ്ഥാനത്ത് മറ്റു ജില്ലകളിലും ഇയാള്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് സിഐ എന്‍ ബി ഷൈജു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സിഐയുടെ നേതൃത്വത്തില്‍ എസ്‌ഐ റിയാസ് ചാക്കീരി, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി സഞ്ജീവ്, സലിം, സജയന്‍, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it