തമിഴ്‌രാഷ്ട്രീയം അടക്കിവാഴുന്ന സിനിമാലോകം

ചെന്നൈ: അഞ്ചു ദശാബ്ദത്തിനിടെ സിനിമ വഴി രാഷ്ട്രീയത്തിലെത്തുകയും മുഖ്യമന്ത്രിപദം അലങ്കരിക്കുകയും ചെയ്തവര്‍ തമിഴ്‌നാട്ടില്‍ അഞ്ചുപേരുണ്ട്. സി എന്‍ അണ്ണാദുരൈ, എം കരുണാനിധി, എം ജി രാമചന്ദ്രന്‍ (എംജിആര്‍), ജാനകി രാമചന്ദ്രന്‍, ജെ ജയലളിത. ഇവരുടെ വഴിയില്‍ ആകൃഷ്ടരായി മറ്റു പലരും വന്നെങ്കിലും വേണ്ടത്ര ശോഭിച്ചില്ല.
നടനലോകത്ത് നിന്നു മുഖ്യമന്ത്രി പദത്തിലേക്ക് ആദ്യമെത്തിയത് അണ്ണാ ഡിഎംകെ സ്ഥാപകന്‍ എംജിആറാണ്. ഡിഎംകെക്കൊപ്പമുള്ള കാലത്തുതന്നെ സിനിമയിലെ തന്റെ നായക പരിവേഷം രാഷ്ട്രീയത്തിലും അദ്ദേഹം ഉപയോഗപ്പെടുത്തി. മകന്‍ എം കെ മുത്തുവിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കരുണാനിധിയുടെ നീക്കങ്ങള്‍ അധികാര തര്‍ക്കത്തിലെത്തിയതോടെ എംജിആര്‍ സ്വന്തം വഴി തിരഞ്ഞെടുത്തു.
1977ല്‍ ഡിഎംകെയെ പുറത്താക്കി അണ്ണാ ഡിഎംകെ അധികാരം പിടിച്ചുവെന്ന് മാത്രമല്ല, 1987ല്‍ എംജിആറിന്റെ മരണം വരെ അത് തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും നടിയുമായ ജാനകി രാമചന്ദ്രന്‍ ഗവര്‍ണര്‍ ഭരണം പ്രഖ്യാപിക്കും വരെ കുറഞ്ഞ കാലം മുഖ്യമന്ത്രിയായി. എംജിആര്‍ രാഷ്ട്രീയത്തിലെത്തിച്ച ജയലളിതയും ജാനകിയും തമ്മില്‍ പിന്നീട് തര്‍ക്കം ഉടലെടുക്കുകയും പാര്‍ട്ടി രണ്ടായി പിളരുകയും ചെയ്തു. 1991ല്‍ ജയലളിത അധികാരത്തിലെത്തിയതോടെ രണ്ട് വിഭാഗവും അവര്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നു. പിന്നീട് ജയലളിത പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി.
എന്നാല്‍, ഇത്തവണ തമിഴ്‌നാട്ടില്‍ പഴയ സിനിമാതാരങ്ങളിലാരെങ്കിലും മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പാണ്. പ്രധാന കക്ഷികളെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിട്ടുള്ളത് അത്തരത്തിലുള്ളവരെയാണ്. അണ്ണാഡിഎംകെ ജയിച്ചാല്‍ ജയലളിതയാവും മുഖ്യമന്ത്രി, ഡിഎംകെ വന്നാല്‍ കരുണാനിധി കഴിഞ്ഞേ മറ്റുള്ളവരെ പറ്റി പാര്‍ട്ടി ചിന്തിക്കൂ. ജനക്ഷേമ മുന്നണി ഡിഎംഡികെ നേതാവ് വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. കഥയും തിരക്കഥയും സംഭാഷണവുമെല്ലാം തയ്യാറാക്കി കരുണാനിധി 92ലും സിനിമാ ലോകത്ത് സജീവമാണ്.
രണ്ട് ദ്രാവിഡ പാര്‍ട്ടികളുടെ മേധാവിത്വം ചോദ്യം ചെയ്ത് 2005ലാണ് വിജയകാന്ത് ഡിഎംഡികെ രൂപീകരിച്ചത്. പിന്നീട് മല്‍സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടിങ് ശതമാനത്തില്‍ വച്ചടി ഉയര്‍ച്ചയായിരുന്നു ഡിഎംഡിക്കെക്ക്. കറുപ്പ് എംജിആര്‍ എന്നും കാപ്റ്റന്‍ എന്നും അണികള്‍ വിളിക്കുന്ന വിജയകാന്തിനെ കൂടെ കൂട്ടാന്‍ ഇത്തവണ ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ശ്രമിച്ചിരുന്നു.
ഇവരെ കൂടാതെ നിരവധി സിനിമാക്കാര്‍ തമിഴകത്ത് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ ശ്രമിച്ചിട്ടുണ്ട്. അന്തരിച്ച ശിവാജി ഗണേശന്‍, ആര്‍ ശരത്കുമാര്‍, ടി രാജേന്ദര്‍, എം കാര്‍ത്തിക് എന്നിവര്‍ക്കെല്ലാം സ്വന്തമായി പാര്‍ട്ടിയുണ്ട്. ആര്‍ രാമരാജന്‍, വഗായ് ചന്ദ്രശേഖര്‍, നെപ്പോളിയന്‍, ഖുശ്ബു, സി ആര്‍ സരസ്വതി, ആനന്ദരാജ് തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങള്‍ അണ്ണാഡിഎംകെയിലും ഡിഎംകെയിലും കോണ്‍ഗ്രസ്സിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
Next Story

RELATED STORIES

Share it