Flash News

തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണം : അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം



തിരുവനന്തപുരം: ചികില്‍സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ നടക്കുന്ന അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. സംഭവത്തില്‍ ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ട് പോലിസ് അന്വേഷണത്തിനായി ഇതുവരെ കൈമാറിയിട്ടില്ല. അറസ്റ്റ് നടന്നാല്‍ ശക്തമായ സമരം നടത്തുമെന്ന ഡോക്ടര്‍മാരുടെ ഭീഷണിക്കു മുന്നില്‍ ആരോഗ്യവകുപ്പ് മുട്ടുമടക്കുകയാണെന്നാണ് ആരോപണം. റിപോര്‍ട്ട് പോലിസിന് നല്‍കുന്നതു വൈകിപ്പിച്ചാല്‍ ഡോക്ടര്‍മാര്‍ക്കു മുന്‍കൂര്‍ ജാമ്യം നേടാനാവും. ഇതോടെ അറസ്റ്റ് ഒഴിവാക്കാനും പ്രശ്‌നങ്ങളില്‍ നിന്ന് ഒതുങ്ങിനില്‍ക്കാനുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമിക്കുന്നത്. അതേസമയം, അന്വേഷണ റിപോര്‍ട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ടു പോലിസ് വീണ്ടും ആരോഗ്യവകുപ്പിന് കത്തു നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിതയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ട് ആഗസ്ത് 16നു വകുപ്പുമന്ത്രിക്ക് കൈമാറിയിരുന്നു. ഇത് ലഭിക്കാത്തതിനാല്‍ സമിതി മറ്റൊരു റിപോര്‍ട്ട് തയ്യാറാക്കി നല്‍കണമെന്നാണ് പോലിസ് പുതിയ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പോലിസ് അന്വേഷണം ഏകദേശം പൂര്‍ത്തിയായി. ആരോഗ്യവകുപ്പിന്റെ കെണ്ടത്തല്‍ കൂടി ലഭിച്ചാല്‍ മാത്രമേ പോലിസ് അന്വേഷണം പൂര്‍ണമാവൂ. ഈ സാഹചര്യത്തിലാണ് അടിയന്തരമായി റിപോര്‍ട്ട് കൈമാറാന്‍ പോലിസ്  ആവശ്യപ്പെട്ടിരിക്കുന്നത്. വീഴ്ച സംഭവിച്ച സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പോലിസ് ചോദ്യംചെയ്തതോടെ ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ജാമ്യാപേക്ഷ 22നു കോടതി പരിഗണിക്കും. അതിനു മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കുന്നതിനാണു പോലിസ് ശ്രമം. എന്നാല്‍ കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് റിപോര്‍ട്ട് കൈമാറാത്തത്. അപകടത്തില്‍പ്പെട്ട് അത്യാസന്ന നിലയില്‍ ആശുപത്രിയിലെത്തിച്ച മുരുകനു ചികില്‍സ കിട്ടാതെ മരിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവം അന്വേഷിച്ച ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപോര്‍ട്ടിലും ആശുപത്രിയെയും ഡോക്ടര്‍മാരെയും വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളുണ്ടായിരുന്നു. എന്നാല്‍ റിപോര്‍ട്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ടില്ല. ഏറെ വിവാദത്തിന് ഇടയാക്കിയ സംഭവമെന്ന നിലയില്‍ കര്‍ശനമായ നടപടി സ്വീകരിക്കാമെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. എന്നാല്‍ ഡോക്ടര്‍മാരുടെ എതിര്‍പ്പ് ഭയന്നാണു നടപടി വെകുന്നത്.
Next Story

RELATED STORIES

Share it