Flash News

തമിഴ്‌നാട് സ്വദേശിക്ക് ചികില്‍സ നിഷേധിച്ച സംഭവം : പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



കുറ്റിപ്പുറം: സംഘര്‍ഷത്തിനിടെ വെട്ടേറ്റ് കാല്‍പ്പാദം മുറിഞ്ഞ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്ര(35)ന് ചികില്‍സ നിഷേധിച്ച ആശുപത്രി അധികൃതര്‍ക്കെതിരേ പോലിസ് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാജേന്ദ്രനെ കൂടെയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി കോടീശ്വരനാണു വെട്ടിയത്. കാല്‍പ്പാദം വെട്ടുകൊണ്ട് മുറിഞ്ഞ രാജേന്ദ്രനെ ചികില്‍സിക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും കൊണ്ടുപോയെങ്കിലും ഇയാള്‍ക്കാവശ്യമായ ചികില്‍സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവാതെ മടക്കിയയക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ കോയമ്പത്തൂര്‍ ഉക്കടത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചാണ് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. സംഭവം സംബന്ധിച്ച് കുറ്റിപ്പുറം പോലിസ് ഇന്നലെ ഉക്കടത്തെ ആശുപത്രിയിലെത്തി രാജേന്ദ്രന്റെ മൊഴിയെടുത്തു. മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ പറഞ്ഞ വിവരം ശേഖരിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിശദമായ അന്വേഷണം നടത്തുക. അതേസമയം, രാജേന്ദ്രനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഇയാളുടെ കൂടെ താമസിക്കുന്ന കോടീശ്വരനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണവും പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it