തമിഴ്‌നാട് സ്വദേശിക്കു ചികില്‍സ നിഷേധിച്ചതായി പരാതി



കുറ്റിപ്പുറം: സംഘര്‍ഷത്തില്‍ വെട്ടേറ്റു കാല്‍പ്പാദം മുറിഞ്ഞ തമിഴ്‌നാട് സ്വദേശിക്ക് മെഡിക്കല്‍ കോളജുകളില്‍ ചികില്‍സ നിഷേധിച്ചതായി പരാതി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രനാ (35)ണ് കാല്‍പ്പാദത്തിനു വെട്ടേറ്റത്. ശനിയാഴ്ച രാത്രി കുറ്റിപ്പുറത്ത് ഇയാള്‍ താമസിക്കുന്ന ലോഡ്ജിനടുത്ത് വച്ചായിരുന്നു കൂടെ താമസിക്കുന്ന തഞ്ചാവൂര്‍ സ്വദേശി കോടീശ്വരന്‍ ഇയാളെ വെട്ടിയത്. കാലിനും കൈക്കും സാരമായി വെട്ടേറ്റ രാജേന്ദ്രനെ കൂടെയുള്ളവര്‍ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പരിക്കു ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു കുറ്റിപ്പുറത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരായ റഷീദ് കുറ്റിപ്പുറം, പി വി സക്കീര്‍ എന്നിവരുടെ സഹായത്തോടെ രാത്രിയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെ ഡോക്ടറില്ല എന്നായിരുന്നു അധികൃതരുടെ മറുപടി. കോട്ടയത്തെയോ, കോഴിക്കോട്ടെയോ മെഡിക്കല്‍ കോളജുകളില്‍ കൊണ്ടുപോവാന്‍ അവിടെ നിന്നു പറയുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയക്കായി 80,000 രൂപ ഉടനെ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്നാണ് ഇയാളുടെ കൂടെയുള്ളവര്‍ പറയുന്നത്. ഇത്രയും പണം കൈയിലില്ലാത്തതിനാല്‍ രാജേന്ദ്രനെ പിന്നീടു കോയമ്പത്തൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. നിര്‍ധനരോഗിക്ക് ചികില്‍സ നിഷേധിച്ച ആശുപത്രി അധികൃതര്‍ക്കെതിരേ നിയമ നടപടിക്ക് ഒരുങ്ങുകയാണു രാജേന്ദ്രന്റെ ബന്ധുക്കള്‍. അതേസമയം രാജേന്ദ്രനെ ആക്രമിച്ച കോടീശ്വരനെ കണ്ടെത്താനായിട്ടില്ല.
Next Story

RELATED STORIES

Share it