തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത അധികാരമേറ്റു 500 ബാറുകള്‍ അടച്ചുപൂട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നേതാവ് ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അധികാരമേറ്റതിനു തൊട്ടുപിന്നാലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 500 മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടി. ശേഷിക്കുന്ന മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി വരെയായി നിജപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്നായിരുന്നു എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഇതിന്റെ ആദ്യഘട്ട നടപടിയാണ് ഇന്നലെ ഉണ്ടായത്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന നാലു ക്ഷേമപദ്ധതികളുടെ ഫയലുകളില്‍ക്കൂടി ജയലളിത ഒപ്പുവച്ചു.
കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍നിന്ന് 2016 മാര്‍ച്ച് 31 വരെ എടുത്ത ലോണുകള്‍ എഴുതിത്തള്ളല്‍, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂനിറ്റ് സൗജന്യ വൈദ്യുതി, വിവാഹിതരാവുന്ന സ്ത്രീകള്‍ക്ക് എട്ടുഗ്രാം വരെ സ്വര്‍ണം അനുവദിക്കുന്ന താലിക്ക് തങ്കം പദ്ധതി, കൈത്തറി വ്യവസായികള്‍ക്കുള്ള സൗജന്യ വൈദ്യുതി 200 യൂനിറ്റായും യന്ത്രത്തറിക്കാര്‍ക്ക് 750 യൂനിറ്റായും വര്‍ധിപ്പിക്കല്‍ എന്നിവയാണിവ.
ചെന്നൈയിലെ മദ്രാസ് സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ റോസയ്യ 68കാരിയായ ജയക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഒ പനീര്‍ശെല്‍വം അടക്കം 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. നാല് അംഗങ്ങളെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ചട്ടപ്രകാരം 32 അംഗങ്ങളെ വരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാവുക.
Next Story

RELATED STORIES

Share it