തമിഴ്‌നാട്: മദ്യനിരോധന വാഗ്ദാനം വോട്ടര്‍മാര്‍ തള്ളി

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെക്കെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ മദ്യനിരോധനം, അഴിമതി എന്നീ വിഷയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നത്.അണ്ണാഡിഎംകെ ഭരണം നിലനിര്‍ത്തുക മാത്രമല്ല വോട്ട് നില മെച്ചപ്പെടുത്തുകയും ചെയ്തു. ബഹുകോണ മല്‍സരം നടന്ന തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചത് മുഖ്യ പ്രതിപക്ഷകക്ഷിയായ ഡിഎംകെക്കാണു പ്രഹരമായത്. തിരഞ്ഞെടുപ്പിനു മുമ്പ് ഡിഎംകെ ഖജാഞ്ചി എം കെ സ്റ്റാലിന്‍ 234 മണ്ഡലങ്ങളിലും നടത്തിയ പ്രചാരണവും ഡിഎംകെയെ സഹായിച്ചില്ല. എന്നാല്‍, 227 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ അണ്ണാഡിഎംകെക്ക് തങ്ങളുടെ 'രണ്ടില' ചിഹ്നം എല്ലാ മണ്ഡലങ്ങളിലും എത്തിക്കാന്‍ കഴിഞ്ഞിരുന്നു. പാര്‍ട്ടിക്ക് 150ല്‍ നിന്ന് 134 സീറ്റിലേക്ക് ഇറങ്ങേണ്ടി വന്നെങ്കിലും വോട്ടുകളുടെ ശതമാനം കൂട്ടാന്‍ സാധിച്ചു. കഴിഞ്ഞ തവണ ലഭിച്ച 39.8 ശതമാനം 40.8 ആക്കി ഉയര്‍ത്താന്‍ പാര്‍ട്ടിക്കായി. ഡിഎംകെ അടക്കം എല്ലാ പാര്‍ട്ടികളും മദ്യനിരോധനം ഒരൊറ്റ ഉത്തരവുമൂലം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ ജയലളിത നിലവിലുള്ള നിയമം തുടരുമെന്നാണ് ജനങ്ങളോടു പറഞ്ഞത്. മദ്യനിരോധനം ഒറ്റയടിക്കു നടപ്പാക്കാന്‍ പ്രയാസമുണ്ടെന്നും അതിനടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ സ്ത്രീകള്‍ തിങ്ങിനിറഞ്ഞ തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന വസ്തുക്കള്‍ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണെന്ന് ബോധ്യപ്പെടുത്താനും അവര്‍ക്കു കഴിഞ്ഞു. സൗജന്യമായി 100 യൂനിറ്റ് വൈദ്യുതി, വിദ്യാഭ്യാസ സഹായം, സൗജന്യ മൊബൈല്‍ഫോണ്‍, കുടുംബത്തില്‍ ഒരാള്‍ക്കു ജോലി എന്നിവയായിരുന്നു ജയലളിതയുടെ തിരഞ്ഞെടുപ്പ് പ്രകടനപ്രതികയിലെ വാഗ്ദാനങ്ങള്‍. ഇതും ജനങ്ങളുടെ പിന്തുണ നേടാന്‍ അവരെ സഹായിച്ചു.
Next Story

RELATED STORIES

Share it