തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്: വിജയകാന്തിന്റെ പാര്‍ട്ടി തനിച്ചു മല്‍സരിക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാതിരഞ്ഞെടുപ്പില്‍ ചലച്ചിത്ര താരം വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ തനിച്ചു മല്‍സരിക്കും. പാര്‍ട്ടിയുടെ വനിതാവിഭാഗം സംഘടിപ്പിച്ച യോഗത്തിലാണ് പാര്‍ട്ടി ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് വിജയകാന്ത് അറിയിച്ചത്.
ഡിഎംകെ, ബിജെപി, സിപിഎം, സിപിഐ കക്ഷികളടങ്ങിയ ജനകീയ ക്ഷേമ മുന്നണി (പിഡബ്ല്യൂഎഫ്)എന്നിവ വിജയകാന്തുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ, ഡിഎംകെ-കോണ്‍ഗ്രസ് മുന്നണി, ബിജെപി, ഡിഎംഡികെ, പിഡബ്ല്യൂഎഫ് എന്നിവ തമ്മിലുള്ള ബഹുകോണ മല്‍സരമാണ് നടക്കുകയെന്ന് ഉറപ്പായി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഘടകകക്ഷിയായാണ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംഡികെ മല്‍സരിച്ചത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നു. താന്‍ ഒരു പാര്‍ട്ടിയുമായും വിലപേശലിനു പോയിട്ടില്ലെന്നും സഖ്യത്തിനായി സമീപിച്ച എല്ലാ കക്ഷികളോടും നന്ദിയുണ്ടെന്നും വിജയകാന്ത് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ഏഴംഗ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അണ്ണാ ഡിഎംകെയ്ക്കും ഡിഎംകെയ്ക്കും ബദലായി ഡിഎംഡികെ മാത്രമെയുള്ളൂവെന്നും തമിഴ്‌നാട് വിജയകാന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമെന്നും പാര്‍ട്ടി നേതാവും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത പറഞ്ഞു.
അണ്ണാ ഡിഎംകെയ്ക്കും ഡിഎംകെയ്ക്കും ബദല്‍ അന്വേഷിക്കുന്ന സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്നും അവര്‍ പറഞ്ഞു. വിജയകാന്തിന്റെ തീരുമാനം ഡിഎംകെയ്ക്ക് തിരിച്ചടിയല്ലെന്ന് പാര്‍ട്ടി ഖജാഞ്ചി എം കെ സ്റ്റാലിന്‍ പറഞ്ഞു. തനിച്ച് മല്‍സരിച്ചാല്‍ ഒരു കക്ഷിയുടെ ശക്തി അറിയാന്‍ കഴിയുമെങ്കിലും ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരായ ഐക്യമാണ് ആവശ്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിളിസായ് സൗന്ദരരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it