തമിഴ്‌നാട് ഒഴികെ എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടിക്ക് അനുകൂലം

കൊല്‍ക്കത്ത: തമിഴ്‌നാട് ഒഴികെ മറ്റു സംസ്ഥാനങ്ങളെല്ലാം ചരക്ക് സേവന നികുതി(ജിഎസ്ടി)ക്ക് പിന്തുണ നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് ചില നിര്‍ദേശങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അത് ജിഎസ്ടി സമിതി രേഖപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍, നിയമം നടപ്പാക്കാനുള്ള അന്തിമ തിയ്യതി നിശ്ചയിച്ചിട്ടില്ല. കേന്ദ്രത്തോടൊപ്പം സംസ്ഥാനങ്ങളും ബന്ധപ്പെട്ട നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. നേരത്തേ ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ രാജ്യവ്യാപകമായി നിയമം നടപ്പാക്കാനായിരുന്നു കേന്ദ്രം ഉദ്ദേശിച്ചിരുന്നത്.
പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിശ്ര, അരുണാചല്‍പ്രദേശിലെയും മേഘാലയയിലെയും മുഖ്യമന്ത്രിമാര്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി എന്നിവരടക്കം 22 സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ആദ്യം ഭരണഘടനാഭേദഗതി കൊണ്ടുവരണമെന്നും തുടര്‍ന്ന് ഓരോ സംസ്ഥാനത്തും ബില്ല് പാസാക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ജിഎസ്ടി നടപ്പാക്കുന്നതു വഴി ആദ്യ അഞ്ചുവര്‍ഷം സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം നികത്താന്‍ കേന്ദ്രം സഹായം നല്‍കുമെന്നും മറ്റു സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജിഎസ്ടി സമിതി നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ചരക്ക് സേവന നികുതി നിലവില്‍ വരുന്നത് ഓണ്‍ലൈന്‍ വ്യാപാരത്തിന് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ധനമന്ത്രിമാരുടെ യോഗം അംഗീകരിച്ച മാതൃകാ നിയമത്തില്‍ ഓണ്‍ലൈന്‍ വ്യാപാരത്തെ ആകര്‍ഷിക്കുന്ന വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക നികുതിക്കു പകരം ഇടപാടിന്റെ ആദ്യഘട്ടത്തില്‍ തന്നെ നികുതി ഈടാക്കാനാണ് മാതൃകാ നിയമത്തിലെ നിര്‍ദേശം. ഒരു സംസ്ഥാനത്തുനിന്നു വാങ്ങി മറ്റൊരു സംസ്ഥാനത്ത് വില്‍പന നടത്തുന്ന ഓണ്‍ലൈന്‍ വ്യാപാരത്തിന് നിയമം അനുകൂലമാവും.
162 നിയമങ്ങളും നാല് അനുബന്ധങ്ങളുമാണ് മാതൃകാ നിയമത്തിലുള്ളത്. നിയമത്തിലെ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും പിഴയും ചുമത്തും. വര്‍ഷത്തില്‍ ഒമ്പതുലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് നിയമം ബാധകം. സിക്കിം അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് നാലുലക്ഷം രൂപയാണ്. ധനമന്ത്രിമാരുടെ യോഗം ജിഎസ്ടി മാതൃകാ നിയമം അംഗീകരിച്ചതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ പറഞ്ഞു. ധനമന്ത്രിമാരുടെ യോഗം ഇന്നും തുടരും.
Next Story

RELATED STORIES

Share it