തമിഴ്‌നാട്ടില്‍ മഴ തുടരുന്നു: തമിഴ്‌നാട്ടിലും ആന്ധ്രയിലും ചുഴലിക്കാറ്റിന് സാധ്യത

ചെന്നൈ: 48 മണിക്കൂറിനകം തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ചുഴലിക്കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി രൂപാന്തരം പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാടിന്റെ വടക്കന്‍ തീര മേഖലയിലും പുതുച്ചേരിയിലും ഒഡീഷയിലും കനത്ത പേമാരിക്ക് സാധ്യതയുണ്ട്. കേരളത്തിലെ ചിലയിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്.
ചെന്നൈയില്‍ ഇതുവരെ 101 മില്ലിമീറ്റര്‍ മഴ ലഭിച്ചു. തമിഴ്‌നാട്ടിലെ തീരദേശവാസികള്‍ക്ക് സുരക്ഷാ നിര്‍ദേശം നല്‍കി. മീന്‍പിടിക്കാന്‍ പോവുന്നവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ജില്ലാ കലക്ടര്‍മാര്‍ മുന്‍കരുതല്‍ ഉള്‍പ്പെടെ സാധ്യമായ എല്ലാ സംവിധാനങ്ങളും സ്വീകരിക്കാനും ജനങ്ങളോട് വീടിനകത്ത് തന്നെ കഴിയാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നാം ദിവസവും കനത്ത മഴയാണ് ലഭിച്ചത്.
55-65 കിലോമീറ്റര്‍ വേഗതയില്‍ തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ആവശ്യമായ ഭക്ഷണവും ശുദ്ധജലവും ശേഖരിക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്.
ആന്ധ്രപ്രദേശിന്റെ തെക്ക്-വടക്കന്‍ മേഖലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് വിശാഖപട്ടണം മെട്രോളജിക്കല്‍ ഓഫിസ് മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it