തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന സ്വര്‍ണം പിടികൂടി

കുമളി: തമിഴ്‌നാട്ടില്‍ നിന്നു മതിയായ രേഖകളില്ലാതെ കൊണ്ടു വന്ന സ്വര്‍ണം വില്‍പന നികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്നലെ രാവിലെ ഒന്‍പതരയോടെ കുമളി അതിര്‍ത്തി ചെക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് 700 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്.
തമിഴ്‌നാട് ചെന്നൈ ടി നഗര്‍ സ്വദേശി ജഗദീഷ് (27), ഗുജറാത്ത് സ്വദേശി രാകേഷ് (25) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് രേഖകള്‍ ഇല്ലാതെ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കണ്ടെടുത്തത്. ഷോള്‍ഡര്‍ ബാഗിനുള്ളിലെ പ്ലാസ്റ്റിക് പെട്ടിക്കുള്ളില്‍ അഞ്ചു കവറുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടിഎന്‍ 09 ബിഎക്‌സ് 6698ാം നമ്പര്‍ ഇന്നോവാ കാറും കസ്റ്റഡിയിലെടുത്തു. ചെന്നൈ ടി നഗറിലെ ദണ്ഡപാണി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഗുരുകൃപ എക്‌സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ നിന്നുള്ള ബില്ലുമായാണ് ഇവര്‍ എത്തിയത്.
സ്വര്‍ണം, ഡയമണ്ട് എന്നിവയില്‍ നിര്‍മിച്ച മോതിരം, സ്റ്റഡ് എന്നിവ ഉള്‍പ്പെടെ 107 ഉരുപ്പടികളാണ് അഞ്ചു പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചിരുന്നത്. കുമളി സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടര്‍ ഷിയാസ് പി അബ്ബാസ്, ടി എച്ച് ഷാഹുല്‍ ഹമീദ്, എന്‍ രാജേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സ്വര്‍ണാഭരണങ്ങള്‍ക്ക് പൊതുവിപണിയില്‍ 60 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തിലെ വിവിധ സ്വര്‍ണാഭരണ ശാലകളില്‍ വില്‍ക്കുന്നതിനായാണ് ഇവ കൊണ്ടുവന്നതെന്നാണ് പിടിയിലായവര്‍ പറയുന്നത്. പതിനഞ്ച് ലക്ഷം രൂപ നികുതിയും പിഴയും അടയ്ക്കണമെന്ന് കാണിച്ച് വില്‍പന നികുതി വകുപ്പ് ഇവക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it