palakkad local

തമിഴ്‌നാട്ടില്‍ നിന്ന് വെള്ളം നേടിയെടുക്കാന്‍ കര്‍ഷക സമരം ശക്തമാക്കുന്നു

പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കണമെന്നും അര്‍ഹതപ്പെട്ട വെള്ളം നേടിയെടുക്കണമെന്നുമാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസവും ഇന്നലെയുമായി ഇതേ ആവശ്യമുന്നയിച്ച് കര്‍ഷകര്‍ ചുണ്ണാമ്പുതറയിലെ ശിരുവാണി സര്‍ക്കിള്‍ ഓഫിസിലെത്തി പ്രതിക്ഷേധിച്ചു. കഴിഞ്ഞ ദിവസം ചിറ്റൂര്‍പുഴ പദ്ധതി ഓഫിസിലെത്തിയും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. അതേസമയം, യഥാര്‍ത്ഥത്തില്‍ കരാറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഓഫിസിനെയും ഒഴിവാക്കിയാണ് കേരളാ കര്‍ഷക സംഘവും ജനതാദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയെന്ന പേരില്‍ ഒരു വിഭാഗം കര്‍ഷകരും പ്രതിഷേധിക്കുന്നതെന്ന ആക്ഷപവും ഉയര്‍ന്നിട്ടുണ്ട്. മാത്രവുമല്ല ഭരണകക്ഷിയിലെ പാര്‍ട്ടികള്‍ ഒരേ വിഷയത്തില്‍ ചേരിതിരിഞ്ഞ് പ്രതിക്ഷേധവുമായി രംഗത്തെത്തുന്നത് ഫലത്തില്‍ സമരത്തിന്റെ ശക്തി കുറക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കേരള കര്‍ഷക സംഘം ചിറ്റൂര്‍ ഏരിയ സെക്രട്ടറി ഇ എന്‍ രവീന്ദ്രന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി ജോസ്മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലാണ് ചുണ്ണാമ്പുതറയിലെ ശിരുവാണി സര്‍ക്കിള്‍ ഓഫിസില്‍ സൂപ്രണ്ടിങ് എന്‍ജിനീയറെ ഉപരോധിച്ചത്. ഇന്നലെ കെ കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനതാദള്‍ പ്രവര്‍ത്തകരും സര്‍വകക്ഷികളുടെ പേരില്‍ ചുണ്ണാമ്പുതറയിലെ ശിരുവാണി സര്‍ക്കിള്‍ ഓഫിസിലെത്തി  ഉദ്യോഗസ്ഥരെ ഉപരോധിച്ചു.
Next Story

RELATED STORIES

Share it