Idukki local

തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ്, ഉറവിടം കണ്ടെത്താന്‍ കഴിയാതെ എക്‌സൈസ് വകുപ്പ്

ഷാനവാസ്  കാരിമറ്റം
മൂന്നാര്‍: തമിഴ്‌നാട്ടില്‍ നിന്നും ഇടുക്കി ജില്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴിയും അല്ലാതെയും കഞ്ചാവു കടത്ത് വന്‍തോതില്‍ വര്‍ധിച്ചതായി എക്‌സൈസ് വകുപ്പ്. എന്നാല്‍ ഇതിന് തടയിടുവാനോ തുടരന്വേഷണത്തിനോ കഴിയാത്ത അവസ്ഥയിലാണ് വകുപ്പ്. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ എക്‌സൈസ് അധികൃതര്‍  നിരവധി തവണ കഞ്ചാവ്  പിടികൂടിയിരുന്നു.158 പേരുടെ പേരില്‍ കേസെടുക്കുകയും നിരവധി വാഹനങ്ങള്‍  പോലിസ് എക്‌സൈസ് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളാണ് പ്രധാനമായും തമിഴ് നാട്ടില്‍ നിന്നും കഞ്ചാവു വാങ്ങി കൊച്ചിയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. കുറഞ്ഞ അളവി ല്‍ കഞ്ചാവ് കടത്തുന്നത് പിടികൂടിയാല്‍ ജാമ്യം ലഭിക്കുമെന്നതാണ് 100 ഗ്രാം മുതല്‍ ഒരു കിലോ വരെയുള്ള കഞ്ചാവു കടത്തിന് യുവാക്കള്‍ തയ്യാറാവാന്‍ കാരണം. ഒരു കിലോ കഞ്ചാവില്‍ താഴെ പിടിച്ചാലും ജാമ്യം ലഭിക്കും എന്നത് വലിയ പോരായ്മയായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു . ഇരുചക്ര വാഹനങ്ങളില്‍ കഞ്ചാവുകടത്തുന്ന വിദ്യാര്‍ഥി സംഘങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍. കോളജില്‍ വലിയ വിലക്ക് വില്‍പ്പനയും സ്വന്തം ഉപയോഗവുമാണ് വിദ്യാര്‍ഥികള്‍ കഞ്ചാവു കടത്തു കൊണ്ട് ലക്ഷ്യമിടുന്നത്.  മൂന്നു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ 300ല്‍ പരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടിലെ ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കഞ്ചാവു കടത്തുന്നവര്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും കച്ചവടക്കാരെയും ഇടനിലക്കാരെയും നിയമത്തിന്റെ മുന്നിലെത്തിക്കാനായിട്ടില്ല. തമിഴ്‌നാട്ടില്‍ എക്‌സൈസിന് കേരളത്തിലേതുപോലെ അധികാരങ്ങളില്ല. ഇക്കാരണം കൊണ്ടു തന്നെ കഞ്ചാവു കടത്തുന്നതിനും സംഭരിക്കുന്നതിനുമെതിരേ ഒന്നു ചെയ്യാനാകുന്നില്ല. കേരളത്തിലെ എക്‌സൈസ്  പോലിസ് എന്നിവയുമായി ഒരു സംയുക്ത പരിശോധനക്ക് തമിഴ്‌നാട് എക്‌സൈസ് താല്‍പര്യപ്പെടുന്നില്ലെന്നും ഇടുക്കിയിലെ ഒരു ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തി.
തമിഴ്‌നാട്ടില്‍ പോലിസിന്റെ തന്നെ ഭാഗമായാണ് എക്‌സൈസിന്റെയും പ്രവര്‍ത്തനം. കഞ്ചാവുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടികൂടുവാനോ കേസെടുക്കുവാനോ തമിഴ്‌നാട്ടില്‍ എക്‌സൈസിന് അധികാരമില്ല. സെന്‍ട്രല്‍ നാര്‍ക്കോട്ടിക് ബ്യൂറോയെന്ന ഏജന്‍സിയാണ് അവിടെ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ചാരായം തുടങ്ങിയ ലഹരി പാനീയങ്ങള്‍ പിടികൂടി കേസ് എടുക്കുക മാത്രമാണ് അവിടെ എക്‌സൈസ് ചെയ്യുന്നത്.തമിഴ്‌നാട്ടിലെ കഞ്ചാവ് മൊത്തവിതരണക്കാരും ഇടനിലക്കാരും രാഷ്ട്രീയ പിന്‍ബലമുള്ള വമ്പന്‍മാരാണ്. അതുകൊണ്ടു തന്നെ അവിടെ ചെന്നുള്ള അന്വേഷണത്തിന് തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കാറില്ലന്ന് ഇടുക്കിയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നും പ്രതികളെ പിടികൂടിയാല്‍ തന്നെ തെളിവുകളുടെ അഭാവത്താല്‍ ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യവുമുണ്ട്. തമിഴ്‌നാട്ടിലെ ജനവാസ മേഖലകളിലാണ് ഒഡീഷ, ആസാം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന കഞ്ചാവിന്റെ സംഭരണവും വിപണനവും നടക്കുന്നത്. ഇവിടെ പിടികൂടുന്ന കഞ്ചാവ് കേസുകള്‍ അന്വേഷിക്കാനായി തമിഴ്‌നാട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയാല്‍ നാട്ടുകാരില്‍ ചിലര്‍ പ്രശ്‌നമുണ്ടാക്കുകയും പ്രതികളെ തിരിച്ചറിയാനോ ചോദ്യം ചെയ്യാനോ അനുവദിക്കില്ലെ ന്നും മുമ്പ് ഇത്തരം കേസുകളില്‍ ഇടപ്പെട്ടിട്ടുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it