wayanad local

തമിഴ്‌നാട്ടില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൈകുന്നു

സുല്‍ത്താന്‍ ബത്തേരി: തമിഴ്‌നാട്ടില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വൈകുന്നതു ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നു. 2016 ഒക്്‌ടോബറിലാണ് പഞ്ചായത്തുകളുടെ കാലാവധി കഴിഞ്ഞത്. എന്നാല്‍, റിസര്‍വേഷനുമായി ബന്ധപ്പെട്ട് ഒരു സംഘടന കോടതിയെ സമീപിച്ചതിന്റെ ഫലമായി തിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്തു. സംവരണ ലിസ്റ്റ് പുനര്‍ നിര്‍ണയിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍, സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് മെല്ലെപ്പോക്ക് നയം തുടരുകയാണെന്നാണ് ആരോപണം.
നിലവില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ സര്‍ക്കാരിന് തിരിച്ചടിയാവാനുള്ള സാധ്യതയാണ് ഇതിനു പിന്നിലെന്നാണ് സൂചന. തമിഴ്‌നാട്ടിലെ ഇതര ജില്ലകളെ അപേക്ഷിച്ച് നീലഗിരി പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ക്കു വിധേയമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കേണ്ട സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്ന അവസ്ഥ കൂടി വന്നപ്പോള്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലായി. പരിസ്ഥിതി ലോല പ്രദേശങ്ങളായതിനാല്‍ വീട് വയ്ക്കുന്നതിനു പോലും പല വിധത്തിലുള്ള നിയന്ത്രണങ്ങളാണുള്ളത്. വീട്ടുനമ്പര്‍ കിട്ടുന്നതിനും വെള്ളത്തിനും കടകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതടക്കമുള്ള ജനങ്ങളുടെ ആവശ്യത്തിന് ഗ്രാമപ്പഞ്ചായത്തിനെ ആശ്രയിക്കണം. എന്നാല്‍, പഞ്ചായത്തില്‍ നാഥനില്ലാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. പഞ്ചായത്തിന്റെ ചാര്‍ജ് നിലവില്‍ ബിഡിഒക്കാണ്. ഒരു ബിഡിഒയുടെ കീഴില്‍ നിരവധി പഞ്ചായത്തുകളാണ് ഉള്ളത്. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂനിയന്റെ കീഴില്‍ ഏഴു പഞ്ചായത്തുകളുണ്ട്. നിലവില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ബിഡിഒയുടെ അനുമതി ആവശ്യമാണ്.
എന്നാല്‍, ഒരാളെക്കൊണ്ട് ഈ പഞ്ചായത്തുകളിലുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഗ്രാമപ്പഞ്ചായത്ത്, പഞ്ചായത്ത് യൂനിയന്‍, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവിടങ്ങളില്ലാം തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് ജനങ്ങള്‍ നേരിട്ടാണ്. ഒരു വോട്ടര്‍ക്ക് നാലു വോട്ടുകളാണുള്ളത്. വാര്‍ഡ് അംഗം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് യൂനിയന്‍ ചെയര്‍മാന്‍, ജില്ലാ പഞ്ചായത്ത് മെബര്‍ എന്നിവരെയാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടത്. തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നാണ് ചേരംകോട് പഞ്ചായത്ത്. 65,000ത്തോളം ജനസംഖ്യയാണുള്ളത്. പഞ്ചായത്ത് ഏഴായി ഭാഗിക്കാനുള്ള ശ്രമം നാളേറെയായി നടക്കുകയാണ്. ചേരംകോട് മുനിസിപ്പാലിറ്റിയാക്കാനും ശ്രമം നടക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ജനങ്ങളുടെ ദുരിതത്തിന് ഒരു പരിധിവരെ അറുതി വരുമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് നടന്നാല്‍ അതു സര്‍ക്കാരിന് എതിരേ വിധിയെഴുത്താവുമോ എന്ന ആശങ്കയാണ് വൈകിക്കുന്നതിന് കാരണമായി ജനങ്ങള്‍ ആരോപിക്കുന്നത്.
Next Story

RELATED STORIES

Share it