തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ധര്‍മപുരി: പശ്ചിമ തമിഴ്‌നാട്ടിലെ ധര്‍മപുരി, കൃഷ്ണഗിരി ജില്ലകളിലെ ഗ്രാമങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് തീവ്ര ഇടതുപക്ഷ കക്ഷികള്‍ പ്രചാരണം തുടങ്ങി. തിരഞ്ഞെടുപ്പു വഴിയുള്ള പരിഹാരം മിഥ്യയാണെന്നും ജനങ്ങളുടെ യഥാര്‍ഥ ജനാധിപത്യ വിപ്ലവത്തില്‍ അണിനിരക്കണമെന്നുമാണ് വെളുത്ത പശ്ചാത്തലത്തില്‍ ചുവന്ന അക്ഷരത്തിലെഴുതിയ പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്യുന്നത്. കാര്‍ഷിക, തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക വിമോചന മുന്നണി, പുത്തന്‍ ജനാധിപത്യ തൊഴിലാളി മുന്നണി തുടങ്ങിയ സംഘടനകളുടെ പേരിലാണ് പോസ്റ്ററുകള്‍. ലെനിന്‍, മാവോ സെ തുങ് എന്നിവരുടെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടരായ സംഘടനകളാണിത്.
പ്രോവിഡണ്ട് ഫണ്ട് പിന്മാറ്റ ചട്ടങ്ങള്‍ക്കെതിരേ ഈയിടെ ബംഗളൂരുവില്‍ തൊഴിലാളികള്‍ നടത്തിയ അക്രമാസക്ത സമരത്തെ പുകഴ്ത്തുന്ന പോസ്റ്ററുകള്‍ അതില്‍നിന്നു പാഠം പഠിക്കാന്‍ തൊഴിലാളി വര്‍ഗത്തെ ആഹ്വാനം ചെയ്യുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ പോസ്റ്ററുകളില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
ജനാധിപത്യ സ്ഥാപനം തീര്‍ത്തും സാധാരണക്കാര്‍ക്ക് എതിരായെന്നായിരുന്നു ഇതുസംബന്ധിച്ച് കര്‍ഷക വിമോചന മുന്നണി നേതാവ് പി ഗോപിനാഥിന്റെ പ്രതികരണം. യഥാര്‍ഥ അധികാരം ജനങ്ങളിലായിരിക്കണം. ഉദാഹരണത്തിന് എംഎല്‍എയുടെ പ്രവര്‍ത്തനം മോശമാണെങ്കില്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ അധികാരമുണ്ടായിരിക്കണമെന്നും ഗോപിനാഥ് പറഞ്ഞു.
Next Story

RELATED STORIES

Share it