Idukki local

തമിഴ്‌നാട്ടിലെ സൗജന്യ അരി കേരളത്തില്‍ മുന്തിയ ബ്രാന്‍ഡ്

കുമളി: നികുതി വെട്ടിച്ച് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അരികടത്ത് തുടരുന്നു. റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ കുമളി വില്ലേജ് ഓഫിസിന്റെ സമീപത്തുള്ള ഗോഡൗണില്‍നിന്ന് തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച 361 കിലോ പുഴുക്കലരിയും 177 കിലോ പച്ചരിയും പിടിച്ചെടുത്തു. അരി അടക്കമുള്ള സാമഗ്രികള്‍ കടത്തുന്ന വകയില്‍ കേരളത്തിനു കിട്ടേണ്ട ലക്ഷങ്ങളാണു നഷ്ടം. അതേസമയം, അതിര്‍ത്തിയിലൂടെയുള്ള കടത്തിന് ഇരു സംസ്ഥാനങ്ങളിലുമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ആക്ഷേപമുണ്ട്.
തമിഴ്‌നാട് സര്‍ക്കാര്‍ അവിടുള്ളവര്‍ക്ക് സൗജന്യമായി നല്‍കുന്ന അരി കേരളത്തിലെത്തിച്ച് ചാക്കുമാറ്റി വന്‍തുകയ്ക്ക് കേരളത്തിലെ പൊതുവിപണിയില്‍ വിറ്റഴിക്കുകയാണ് രീതി. തമിഴ്‌നാട്ടില്‍ നിന്നുള്ള അരി വന്‍തോതില്‍ കുമളി, കമ്പംമെട്ട് മേഖലകളിലൂടെ കേരളത്തിലേക്ക് എത്തുന്നുണ്ട്. കാളവണ്ടികളില്‍ പലചരക്കു സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഇവ എത്തിക്കുന്നത്. കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ഈ അരി മൂന്നും നാലും ഇരട്ടി വില നല്‍കി ഉപഭോക്താക്കള്‍ക്കു നല്‍കുന്ന സംഘവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്നും നാലും ദിവസം ഇത്തരത്തില്‍ അരിയുമായി കാളവണ്ടികള്‍ എത്തും. അതിനു പുറമേ സ്ഥിരമായി അരി എത്തിക്കുന്ന തമിഴ്‌നാട് സ്വദേശികളായ സംഘവും സജീവമാണ്.
ഇവരില്‍ നിന്നു വില കൊടുത്തു വാങ്ങാനും ഇത്തരം ഗോഡൗണില്‍ സംവിധാനമുണ്ട്. തമിഴ്‌നാട് അരി, കേരളത്തില്‍ എത്തിയാല്‍ മുന്തിയ ഇനം ബ്രാന്‍ഡുകളായി മാറും. തമിഴ്‌നാട്ടില്‍ നിന്നുള്ള അരി സംഭരിച്ചു വന്‍കിട കമ്പനികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന സംഘം അതിര്‍ത്തി മേഖലകളില്‍ സജീവമാണ്.
അട്ടപ്പള്ളത്തെ ഒരു രഹസ്യ ഗോഡൗണില്‍ നിന്ന് ആഴ്ചയില്‍ രണ്ടു ലോഡ് അരിയാണ് കയറ്റിപ്പോകുന്നത്. വന്‍കിട അരിമില്ലുകളില്‍ എത്തുന്ന ഇവ ബ്രാന്‍ഡ് ചെയ്തു വിപണിയില്‍ എത്തും. ബിപിഎല്‍ കുടുംബങ്ങളിലെ പട്ടിണി മാറ്റാന്‍ സര്‍ക്കാര്‍ നല്‍കുന്ന അരിയാണു വ്യത്യസ്ത പേരുകളില്‍ കരിഞ്ചന്തക്കാര്‍ വിപണിയില്‍ വിറ്റഴിച്ചു കോടികള്‍ സമ്പാദിക്കുന്നത്. തമിഴ്‌നാട്ടിലെ അരിക്കൊപ്പം കേരളത്തിലെ റേഷന്‍ അരിയും ഉള്‍പ്പെടുന്നുണ്ടോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ സിവില്‍ സപ്ലൈസ് വഴി എത്തുന്ന ആയിരക്കണക്കിനു കിലോ അരി റേഷന്‍ കടകളില്‍ എത്തുംമുമ്പേ കരിഞ്ചന്തയില്‍ വില്‍ക്കുന്നു എന്ന ആക്ഷേപം നേരത്തെയുള്ളതാണ്.
Next Story

RELATED STORIES

Share it