Flash News

തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഉടന്‍



തിരുവനന്തപുരം: ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലേക്കു കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കും. സേലം, കോയമ്പത്തൂര്‍, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുക. ഇതു സംബന്ധിച്ച കരാര്‍ ഈ മാസം അവസാനത്തോടെ ഇരു സംസ്ഥാനങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ഒപ്പിടും. കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ്സുകളായ സ്‌കാനിയ മഹാരാജ തന്നെയാവും സര്‍വീസിനിറങ്ങുക. ഇതോടൊപ്പം എറണാകുളത്തു നിന്നു തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി പുതുച്ചേരിക്കുള്ള സര്‍വീസുകളും കെഎസ്ആര്‍ടിസിയുടെ പരിഗണനയിലുണ്ട്. വിഴുപുരം വഴിയായിരിക്കും പുതുച്ചേരിയിലേക്കു സര്‍വീസ് നടത്തുക. ചെന്നൈ ഉള്‍പ്പെടെയുളള നഗരങ്ങളിലേക്കു പോവുന്നതിനു യാത്രക്കാര്‍ക്ക് ട്രെയിനോ, സ്വകാര്യ ബസ്സോ ആയിരുന്നു ഏക ആശ്രയം. ശബരിമല സീസണില്‍ കെഎസ്ആര്‍ടിസി ചെന്നൈയിലേക്കു സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സീസണ്‍ കഴിയുന്നതോടെ ഇത് അവസാനിപ്പിക്കുകയാണു പതിവ്. തമിഴ്‌നാടിന്റെ സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ദിവസേന തിരുവനന്തപുരം, കൊല്ലം, ചങ്ങനാശേരി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു ചെന്നൈയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം കെഎസ്ആര്‍ടിസി കേരളത്തില്‍ നിന്നു ചുരുക്കം സര്‍വീസുകളാണു തമിഴ്‌നാട്ടിലേക്ക് ഓപറേറ്റ് ചെയ്യുന്നത്. നാഗര്‍കോവില്‍, കന്യാകുമാരി, തെങ്കാശി, മധുര, തേനി, പഴനി, പൊള്ളാച്ചി, ഉദുമല്‍പേട്ട, ഗൂഡല്ലൂര്‍, ഊട്ടി, കോയമ്പത്തൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളിലേക്കാണു നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിവരുന്നത്. എന്നാല്‍ കേരളത്തിലേക്ക് ഇതിന്റെ ഇരട്ടിയിലേറെ സര്‍വീസുകള്‍ തമിഴ്‌നാട് നടത്തുന്നുണ്ട്. തമിഴ്‌നാട് സ്‌റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുമായി വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി കരാറിന് ശ്രമിച്ചിരുന്നെങ്കിലും തമിഴ്‌നാട് ഗതാഗത വകുപ്പ് അനുമതി നല്‍കാതിരുന്നതാണു സര്‍വീസ് ആരംഭിക്കാന്‍ തടസ്സമായിരുന്നത്.  ചെന്നൈയിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന കാലങ്ങളായുള്ള അവിടുത്തെ മലയാളികളുടെ ആവശ്യമാണ് ഇതിലൂടെ പൂവണിയുന്നത്. ഈ റൂട്ടില്‍ നിരവധി സ്വകാര്യബസ്സുകളാണു തോന്നിയ ചാര്‍ജില്‍ മലയാളികളെ പിഴിഞ്ഞു ദിവസേന സര്‍വീസ് നടത്തുന്നത്. തമിഴ്‌നാട്ടിലേക്കു കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് എത്തുന്നതോടെ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കു കേരളത്തിലേക്ക് ഇനി മിതമായ നിരക്കില്‍ യാത്ര ചെയ്യാനാവും.
Next Story

RELATED STORIES

Share it