തമിഴ്‌നാടിന് 1000 കോടിയുടെ അധിക കേന്ദ്രസഹായം

ചെന്നൈ: പ്രളയക്കെടുതിയില്‍ അകപ്പെട്ട തമിഴ്‌നാടിനു ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. പ്രളയബാധിത പ്രദേശങ്ങള്‍ വിമാനത്തില്‍ നിരീക്ഷിച്ചതിനു ശേഷം നാവികത്താവളമായ ഐഎന്‍എസ് അഡയാറിലാണ് പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച 940 കോടിക്കു പുറമേയാണ് 1000 കോടിയെന്ന് മോദി പറഞ്ഞു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോടൊപ്പമാണ് പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തിയത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ത്യയിലെ ജനങ്ങള്‍ തമിഴ്‌നാടിനൊപ്പം ഉണ്ടാവുമെന്നും മുഖ്യമന്ത്രി ജയലളിതയുടെയും ഗവര്‍ണര്‍ റോസയ്യയുടെയും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തെ ദുരിതത്തിനു ശേഷം വ്യാഴാഴ്ച ചെന്നൈയില്‍ മഴയ്ക്ക് ശമനമുണ്ടായി. എന്നാല്‍, ചെമ്പകരാംബക്കം സംഭരണിയില്‍ നിന്നു തുറന്നുവിട്ട അധികജലം പുതിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു ഭീഷണിയായി. ചെമ്പകരാംബക്കം ജലസംഭരണിയില്‍ നിന്ന് 30,000 ക്യൂബിക് ഘനയടി ജലം പുറത്തുവിട്ടിട്ടുണ്ട്. പ്രളയം രൂക്ഷമായ അഡയാര്‍ നദീതീരത്തെ കോട്ടൂര്‍പുരം, ജാഫര്‍ഖാന്‍ പേട്ട്, നന്ദനം എന്നിവിടങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നത്. പ്രളയം മൂലം പാലിനും അവശ്യവസ്തുക്കള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്. അര ലിറ്റര്‍ പാലിന് പലേടത്തും 50 രൂപയാണ് വില. ഡീസലിന്റെയും പെട്രോളിന്റെയും വിതരണവും കുറഞ്ഞു.
Next Story

RELATED STORIES

Share it