തമിഴ്മക്കള്‍ പൂ കേട്ടേന്‍, പിണറായി പൂന്തോട്ടം തന്താന്‍...

കോപ്പ അമേരിക്കയും യുറോകപ്പും നല്‍കിയ ഫുട്‌ബോള്‍ ലഹരിയുടെ ആവേശത്തിലാവാം 14ാം നിയസഭയുടെ ആദ്യ പൂര്‍ണപ്രവൃത്തിദിനം വീറും വാശിയുമേറിയ ചര്‍ച്ചകള്‍ക്കു വേദിയായി. ദലിത് യുവതികളെ ജയിലിലടച്ചതിലുള്ള അടിയന്തരപ്രമേയത്തില്‍ തുടങ്ങി നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചകള്‍ അവസാനിച്ചപ്പോള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലേതിനു സമാനമായി ഇരുപക്ഷത്തുനിന്നും മികച്ച കടന്നാക്രമണങ്ങളും മുന്നേറ്റങ്ങളും പ്രകടമായി. റഫറിയുടെ റോള്‍ സ്പീക്കറും ഗംഭീരമാക്കി.
പുതുമുഖകള്‍ക്കും അവസരം നല്‍കിയ ആദ്യദിനത്തില്‍ ചിലര്‍ മിന്നുംപ്രകടനം നടത്തി. നേമത്തെ ബിജെപി വിജയത്തിന്റെ ഉത്തരവാദിത്തം പരസ്പരം തലയില്‍ വച്ചുകെട്ടി പന്തുതട്ടാനാണ് നന്ദിപ്രമേയചര്‍ച്ചയില്‍ ഇരുവിഭാഗവും ശ്രമിച്ചത്. ഭരണത്തിലെത്തിയതോടെ എല്‍ഡിഎഫിന് മോദി സ്വീകാര്യനായെന്ന് പി ടി തോമസ് ചൂണ്ടിക്കാട്ടി. മോദിയെ സന്ദര്‍ശിച്ചുവന്നയുടന്‍ ഡിജിപിയെ മാറ്റി മോദിയുടെയും അമിത് ഷായുടേയും വിശ്വസ്തനായ ബെഹ്‌റയെ ഡിജിപിയാക്കി. അധികാരം നഷ്ടപ്പെട്ടതിന്റെ അസഹിഷ്ണുതയും തികട്ടലുമാണ് ആദ്യദിനം പ്രതിപക്ഷത്തില്‍നിന്നു പുറത്തുവരുന്നതെന്നായിരുന്നു പ്രദീപ്കുമാറിന്റെ വാദം. അവസാന തുട്ടും നക്കിയെടുത്തതിന്റെ നനവു മാത്രമാണ് ഖജനാവില്‍ ശേഷിക്കുന്നതെന്ന വെളിപ്പെടുത്തലും പ്രദീപ്കുമാര്‍ നടത്തി.
ഉമ്മന്‍ചാണ്ടിയുടെ ഭരണത്തോട് കേരളം കടപ്പെട്ടിരിക്കുന്നുവെന്ന എന്‍ എ നെല്ലിക്കുന്നിന്റെ വാക്കുകളെ കേരളം കടത്തില്‍പ്പെട്ടിരിക്കുന്നു എന്നാക്കി രാജന്‍ തിരുത്തി. അഴിമതി തുടച്ചുനക്കുന്നവരില്‍നിന്ന് അഴിമതി തുടച്ചുനീക്കുന്നവരിലേക്കാണ് ഭരണം എത്തിയതതെന്നു പറഞ്ഞതോടെ രാജന്‍ ആവേശത്തിലായി. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയെല്ലാം സ്ഥലംമാറ്റുന്ന സാഹചര്യത്തില്‍ തന്നെ കര്‍ണാടക നിയമസഭയിലേക്കു മാറ്റിക്കളയുമോയെന്ന ആശങ്കയാണ് നയപ്രഖ്യാപനത്തെ എതിര്‍ത്ത നെല്ലിക്കുന്നു പ്രകടിപ്പിച്ചത്. വെല്ലുവിളികളെ അതിജീവിച്ച് മണ്ണാര്‍ക്കാട്ട് ജയിച്ചതിന്റെ ത്രില്ലിലായിരുന്നു എന്‍ ഷംസുദ്ദീന്‍. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് പിണറായി വിജയനോടുള്ള സ്‌നേഹത്തിന്റെ തോത് തുറന്നുകാട്ടാനാണ് പ്രതിപക്ഷത്തെ കാരണവന്‍മാര്‍ ശ്രമിച്ചത്. മുല്ലപ്പെരിയാറിലെ നിലപാട് മാറ്റത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പിണറായി വിജയന് ഭയങ്കര സ്വീകാര്യതയാണെന്ന് പി ടി തോമസ് പറഞ്ഞു. ''അന്ത പിണറായി പെരിയ ആളുതാന്‍.
ഇങ്ക തമിഴ്മക്കള്‍ ഒരു പൂ കേട്ടേന്‍, പിണറായി ഒരു പൂന്തോട്ടം മൊത്തമായി തന്താന്‍...'' എന്നാണ് തമിഴരുടെ സംസാരം. ഈ വിഷയത്തില്‍ കുറച്ചുകൂടി ആധികാരികമായ കണ്ടെത്തലാണ് തിരുവഞ്ചൂര്‍ നടത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിടുക്കം കാട്ടുന്ന പിണറായിക്കായി കേരളത്തിലേക്കാള്‍ കൂടുതല്‍ പോസ്റ്ററുകള്‍ ഒട്ടിക്കുന്നത് തമിഴ്‌നാട്ടിലാണെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തിലുള്ള ചര്‍ച്ച തുടരും.
Next Story

RELATED STORIES

Share it