kozhikode local

തമാറോ തിം തി മത് ജയശ്രീ കീര്‍ത്തീനെ ആവാഷോ...

സ്വന്തം പ്രതിനിധി

കോഴിക്കോട്: തലവാചകം വായിച്ച് ഞെട്ടേണ്ട. കോഴിക്കോട് കോര്‍പറേഷനിലേക്ക് മല്‍സരിക്കുന്ന ഒരു വനിതാ സ്ഥാനാര്‍ഥി തന്റെ മാതൃഭാഷയില്‍ വോട്ടഭ്യര്‍ഥന നടത്തുന്നത് ഇങ്ങിനെ. സത്യത്തിന്റെ തുറമുഖമായ കോഴിക്കോട് നഗരവും ഗുജറാത്തും തമ്മിലുള്ള വ്യാപാര ബന്ധത്തിന് കോഴിക്കോടിനോളം തന്നെ വയസുണ്ട്. കച്ചില്‍ നിന്നു കപ്പല്‍ കയറി കോഴിക്കോട്ടെത്തിയ ഗുജറാത്തി സമൂഹത്തില്‍ നിന്നു ജയശ്രീ കീര്‍ത്തി എന്ന വനിത മല്‍സരിക്കാനെത്തുന്നു.
കോഴിക്കോട് കോര്‍പറേഷനില്‍ 95-2000 വര്‍ഷത്തില്‍ ജയശ്രീ കീര്‍ത്തി മല്‍സരിച്ച് കൗണ്‍സിലറായി. ഇപ്പോള്‍ പതിനഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും മല്‍സര രംഗത്ത് വന്നിരിക്കയാണ്. അന്ന് കത്തീഡ്രല്‍ വാര്‍ഡില്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി (എല്‍ഡിഎഫ്) ആണ് ജയശ്രീ ജയിച്ചു കയറിയത്. ഇപ്പോള്‍ ജനതാദള്‍ (യു) യുഡിഎഫ് ചേരിയിലായപ്പോള്‍ ജയശ്രീ യുഡിഎഫ് സ്ഥാനാര്‍ഥിയായി. പൊതുവേ യുഡിഎഫിന് സ്വാധീനമുള്ള സീറ്റായിരുന്നു കത്തീഡ്രല്‍. ഇപ്പോള്‍ കോര്‍പറേഷനിലെ 61ാം വാര്‍ഡായ വലിയങ്ങാടിയാണ്. 2005ല്‍ 457 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ എലിസബത്ത് ടീച്ചറെ തോല്‍പിച്ചിരുന്നത്. ജയശ്രീയുടെ മുത്തശ്ശന്‍ ഹീരാചന്ദ് ആണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊപ്രകച്ചവടത്തിനായി കോഴിക്കോട്ടെത്തിയത്.
പിന്നീട് മകന്‍ ദൗലത്ത് ലാലും കോഴിക്കോടിന്റെ വ്യാപാര സമൂഹത്തില്‍ കണ്ണിയായി. ഇപ്പോള്‍ ജയശ്രീയും ഭര്‍ത്താവും കൊപ്ര ബിസിനസില്‍ നിന്നു ടെക്‌സ്റ്റൈല്‍ വ്യാപാരത്തിലേക്ക് മാറി. പ്രശസ്തമായ ജെയിന്‍ ക്ഷേത്രത്തോടനുബന്ധിച്ച് ഗുജറാത്തി സമൂഹത്തിനു മാത്രമായ ജെയിന്‍ ടെമ്പിള്‍ കോംപൗണ്ടിലെ വീട്ടിലാണ് താമസം. ഗുജറാത്തി സമൂഹവുമായി ബന്ധപ്പെട്ട സാംസ്‌കാരിക കലാ രംഗങ്ങളിലെ സാന്നിധ്യമായ കീര്‍ത്തി നൃത്തത്തിലും പാട്ടിലും മുന്‍ നിരക്കാരിയാണ്. ഹിന്ദിയിലും ഗുജറാത്തിയിലും കവിത രചിക്കും. ആകാശവാണിയില്‍ ഹിന്ദി കവിത - കഥ അവതരിപ്പിക്കാറുണ്ട്. കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തിലും പ്രീഡിഗ്രി പഠനം പ്രോവിഡന്‍സ് കോളജിലും മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ബിരുദവും നേടി. ബിഎസ്‌സി മാത്‌സായിരുന്നു വിഷയം.
ആനക്കുളം, വലിയങ്ങാടി, പുതിയറയുടെ ഒരു ഭാഗം, കൂരിയാല്‍ ലൈന്‍ കോര്‍ട്ട് റോഡ്, ജയിന്‍ ടെമ്പിള്‍ ഭാഗം തുടങ്ങിയവ അടങ്ങുന്ന വലിയ ഡിവിഷന്‍ നഗര ഹൃദയമാണ്. ജയശ്രീ കീര്‍ത്തിക്ക് ഗുജറാത്തിയില്‍ നന്നായി പ്രസംഗിക്കാനും വശമുണ്ട്. മലയാളനാട്ടില്‍ ഗുജറാത്തില്‍ നിന്നും എത്തി മലയാളിയുടെ ഭാഗമായ കീര്‍ത്തി തിരക്കിട്ട പ്രചാരണത്തിലാണ് വീണ്ടും കൗണ്‍സിലറാകാന്‍.
Next Story

RELATED STORIES

Share it