Idukki local

തപോഗിരി കുടിവെള്ള പദ്ധതി ക്രമക്കേട്:വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

തൊടുപുഴ: മുന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് വന്‍ ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റിങ് റിപോര്‍ട്ട് .പട്ടികജാതി, പട്ടിക വര്‍ഗ ജനവിഭാഗത്തിനുള്ള വികസന ഫണ്ടുകളാണ് ഏറെയും അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിക്കുന്ന റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
ജില്ലാ പഞ്ചായത്തിന്റെ ഉപ്പുതറ ഡിവിഷനില്‍ അമ്പലപ്പാറ ശുഭാനന്ദഗിരി തപോഗിരി കുടിവെള്ള പദ്ധതിയുടെ നടത്തിപ്പിലും ക്രമക്കേടുണ്ട്. 21 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു ഇത്. പട്ടിക ജാതി കുടുംബങ്ങളുടെ കുടിവെളള പ്രശ്‌നം പരിഹരിക്കുന്നതിന് കരിന്തരുവി, ചീന്തലാര്‍, തോടിനു സമീപം കുളം നിര്‍മിച്ചു വെള്ളം എത്തിക്കുന്നതായിരുന്നു പദ്ധതി.ഗുണ നിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചതിനാല്‍ രണ്ടു മാസത്തിനുളളില്‍ത്തന്നെ പൈപ്പുകള്‍ പൊട്ടിത്തകര്‍ന്ന് ജലവിതരണം തകര്‍ന്നു.പദ്ധതിയെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സെക്രട്ടറി പരിശോധന നടത്തുകയും അപാകതകള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ ബില്ല് മാറി നല്‍കാവൂയെന്ന് എന്‍ജിനീയര്‍ക്ക് കത്തു നല്‍കി.എന്നാല്‍ എന്‍ജിനീയറിങ് വിഭാഗം ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയും അവ്യക്തമായ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഓഡിറ്റ് വിഭാഗം അറിയിച്ചിട്ടുണ്ട്.
തുടര്‍ന്നു ഓഡിറ്റിങ് സംഘം വീണ്ടും സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി. മാലിന്യം നിറഞ്ഞ കരിന്തരുവി തോട്ടില്‍ നിന്നുള്ള വെള്ളമാണ് ടാങ്കിലെത്തിച്ച് പട്ടിക ജാതി കുടുംബങ്ങള്‍ക്ക് നല്‍കുന്നതെന്ന് കണ്ടെത്തി.ഒരുമാസം പോലും പദ്ധതി പ്രവര്‍ത്തിച്ചില്ലെന്ന് പ്രദേശവാസികള്‍ അറിയിച്ചു. പദ്ധതിയാരംഭിച്ച ദിവസങ്ങള്‍ക്കുള്ളില്‍ അറ്റകുറ്റപ്പണിക്കായി ആറായിരം രൂപ ചെലവഴിച്ചതായും കണ്ടെത്തി. ഇത് സംബന്ധിച്ച പരാതിയും സര്‍ക്കാരിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് 21 ലക്ഷം രൂപയുടെ അഴിമതി നടന്ന പദ്ധതിയെക്കുറിച്ച് വിജലന്‍സ് അന്വേഷണത്തിന് ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്തത്.കുറ്റക്കാരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പദ്ധതി നടത്തിപ്പിലൂടെ ഖജനാവിന് വന്ന മുഴുവന്‍ നഷ്ടവും വിജലന്‍സ് അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്നും പൂര്‍ണമായും ഈടാക്കണമെന്നും ശുപാര്‍ശയുണ്ട്.
ദേവികുളം ഡിവിഷനില്‍ നടന്ന തട്ടിപ്പ് കണ്ടെത്തിയതില്‍ തുക തിരിച്ചടയ്ക്കാന്‍ ഡിവിഷന്‍ മെംബര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഓഡിറ്റ് വിഭാഗം നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it