malappuram local

തപാല്‍ ബാങ്കിങ് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം: മുഖ്യമന്ത്രി



മഞ്ചേരി:  രാജ്യത്ത്് ലാഭകരമായി പ്രവര്‍ത്തിക്കുന്ന തപാല്‍ ബാങ്കിങും തപാല്‍ ഇന്‍ഷൂറന്‍സുമടക്കമുള്ള അഞ്ച് മേഖലകള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തപാല്‍ ജീവനക്കാരുടെ ദേശീയ സംഘടനയായ പോസ്റ്റല്‍ ഫെഡറേഷന്റെ (എന്‍എഫ്പിഇ) ഡിവിഷന്‍ ആസ്ഥാന മന്ദിരമായ കെജി ബോസ് ഭവന്‍ മഞ്ചേരി മുള്ളമ്പാറയില്‍ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ബിഎസ്എന്‍എല്ലിനെ നഷ്ടത്തിലാക്കിയതിന് പൂര്‍ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങളാണ്. സ്വകാര്യ കമ്പനികള്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ പലതും നടപ്പാക്കിയത് ബിഎസ്എന്‍എല്ലിന് തിരിച്ചടിയായി. ഒരുവശത്ത് വിദേശ കുത്തകകളെ സ്വാഗതം ചെയ്യുമ്പോള്‍ മറുവശത്ത് റിലയന്‍സ് പോലുള്ള വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ്. തപാല്‍ മേഖലയെ സ്വകാര്യ വല്‍ക്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റി റിപോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഇതിന് പുറമെ റെയില്‍വെയും സ്വകാര്യകമ്പനിക്ക് നല്‍കാനും നീക്കം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി പതിനൊന്നായിരത്തോളം തസ്തികകള്‍ നിര്‍ത്തലാക്കും. ഇത് റെയില്‍വേ ജീവനക്കാരുടെ പ്രാമോഷനെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂനിയന്‍ ഓഫിസ് എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ പി കെ മുരളീധരന്‍, സിപിഎം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, മുന്‍ എംപി ടി കെ ഹംസ, എം തോമസ്, ടി വി രാജേന്ദ്രന്‍, എന്‍ വി ജനാര്‍ദ്ദനന്‍, കുമാരന്‍ നമ്പ്യാര്‍, വി ശശികുമാര്‍, വേലായുധന്‍ വള്ളിക്കുന്ന് സംസാരിച്ചു.
Next Story

RELATED STORIES

Share it