thrissur local

തന്‍കുളം വലിയപറമ്പ് റോഡ് തകര്‍ന്നു

മാള: പൊയ്യ, മാള ഗ്രാമപ്പഞ്ചായത്തുകളിലെ തന്‍കുളം വലിയപറമ്പ് റോഡ് പാടെ തകര്‍ന്നതു ദുരിതമാവുന്നു. തന്‍കുളം ശിവക്ഷേത്ര പരിസരത്ത് നിന്ന് വലിയപറമ്പിലേക്കു പോവുന്ന മൂന്ന് കിലോമീറ്റര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ വരുന്ന റോഡിന്റെ ഭൂരിഭാഗവും പാടെ തകര്‍ന്നിരിക്കുകയാണ്. പ്ലാവിന്‍മുറി ഭാഗത്ത് നിന്നും മറ്റും വലിയപറമ്പിലേക്ക് പോവുന്ന എളുപ്പവഴിയാണിത്.
ഈ റോഡിലൂടെ പോയാല്‍ വേഗം മാള 66 കെവി സബ് സ്‌റ്റേഷന്‍ പരിസരം മാള മെറ്റ്‌സ് കോളജ് തുടങ്ങിയയിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാവും. ദൂരം ഏറെ കുറഞ്ഞ റോഡിലൂടെ നിത്യേന അനേകം വാഹനങ്ങളാണ് കടന്നു പോയിരുന്നത്. എന്നാലിപ്പോള്‍ റോഡ് പാടെ തകര്‍ന്നതോടെ ഈ വഴി ഉപേക്ഷിച്ച് ദൂരമേറിയ വഴികളേയാണു യാത്രക്കാര്‍ ആശ്രയിക്കുന്നത്. സ്‌കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ ദുരിതം സഹിച്ചും ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്.
വിദ്യാലയങ്ങള്‍ തുറന്നതോടെ ഏറെ ദുരിതം സഹിച്ച് ഇതിലൂടെ പോകേണ്ട ഗതികേടിലാണ് കുട്ടികള്‍. മാള ഗ്രാമപ്പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വരുന്ന ഭാഗം ടാറിങ് നടത്തിയിട്ടുണ്ടെങ്കിലും പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെട്ട ഭാഗം ആകെ പൊളിഞ്ഞ് കിടക്കുകയാണ്. മഴക്കാലത്ത് കൂടുതല്‍ തകര്‍ച്ചയുണ്ടാവുന്നതിനൊപ്പം അപകടങ്ങള്‍ക്കും വഴി വയ്ക്കുമെന്നാണ് ആശങ്ക. അടിയന്തരമായി റോഡ് പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it