Kollam Local

തന്നോട് അനീതി കാട്ടി; കോണ്‍ഗ്രസിനെതിരേ വെല്ലുവിളിയുമായി ഷാഹിദാ കമാല്‍

കൊല്ലം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച എഐസിസി അംഗവും മഹിള കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഷാഹിദ കമാലും കോണ്‍ഗ്രസ് നേതാവ് ഡോ. രാമഭദ്രനും നൂറോളം പ്രവര്‍ത്തകര്‍ക്കുമൊപ്പം ഞായറാഴ്ച വൈകീട്ടു സമ്മേളന വേദിയിലേക്ക് എത്തിയത് നാടകീയമായിരുന്നു. ചവറ ഇടപ്പള്ളിക്കോട്ടയില്‍ നടന്ന എല്‍ഡിഎഫ് പൊതുസമ്മേളനത്തില്‍ എത്തിയ ഷാഹിദ കമാല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

സഹികെട്ടാണ് മുപ്പതു വര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസിനോട് വിടപറയേണ്ടി വന്നതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. ഇത്രകാലം നിശ്ശബ്ദമായി എല്ലാം സഹിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം പാര്‍ട്ടി തികഞ്ഞ അനീതിയാണ് തന്നോടു കാട്ടിയത്. മാന്യന്മാരെന്നു കരുതുന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇരട്ടമുഖം പുറത്തു കൊണ്ടുവരും.
നിര്‍ധന കര്‍ഷക കുടുംബത്തില്‍ ജനിച്ച താന്‍ പതിമൂന്നാമത്തെ വയസിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായത്. യാഥാസ്ഥിതിക മുസ്‌ലീം കുടുംബങ്ങളില്‍നിന്ന് പെണ്‍കുട്ടികള്‍ക്ക്— രാഷ്ട്രീയത്തിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു അന്ന്. കോണ്‍ഗ്രസില്‍ തുടരാന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. പാര്‍ടിയില്‍ ലഭിച്ച സ്ഥാനമാനങ്ങളൊന്നും ഒരു നേതാവിനും പാദസേവ ചെയ്ത് നേടിയതല്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും ധൂര്‍ത്തും രാഷ്ട്രീയ കുതിരക്കച്ചവടവും മാത്രമാണ് നടന്നത്. ഭൂരിപക്ഷ വര്‍ഗീയതയുടെ കടന്നാക്രമണങ്ങളില്‍—നിന്ന് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് തികഞ്ഞ പരാജയമായി. ജാതിയുടെയും മതത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും പേരില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ മതന്യുനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുമ്പോള്‍ ചെറുത്തുനില്‍ക്കാന്‍ കരുത്തുനല്‍കുന്നത് സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം മാത്രമാണ്. ഇന്നത്തെ ദേശീയ സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ മനസമാധാനത്തോടെ അന്തിയുറങ്ങുന്നത് ഇടതുപക്ഷത്തിന്റെ സാന്നിധ്യംകൊണ്ടാണെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് ഷാഹിദ കമാല്‍ രാജിവച്ച് എല്‍ഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച വിവരം സിപിഎം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിന്റെ അറിയിപ്പ് നീണ്ട ഹര്‍ഷാരവത്തോടെയാണ് തിങ്ങിനിറഞ്ഞ സദസ് സ്വീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഷാഹിദ കമാലിനെയും ഡോ. രാമഭദ്രനെയും ചുവന്ന ഹാരം അണിയിച്ച് സ്വീകരിച്ചു.ഷാഹിദ കമാല്‍ 20 വര്‍ഷമായി എഐസിസി അംഗമാണ്. നിലവില്‍ കെപസിസി എക്‌സിക്യൂട്ടീവ് അംഗവുമാണ്. 2009ല്‍ കാസര്‍ഗോഡുനിന്ന് പാര്‍ലമെന്റിലേക്കും 2011ല്‍ ചടയമംഗലത്തുനിന്ന് നിയമസഭയിലേക്കും യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. കെപിസിസി കായികവേദി എക്‌സിക്യൂട്ടീവ് അംഗമാണ് ഡോ. രാമഭദ്രന്‍.
Next Story

RELATED STORIES

Share it