Articles

തന്തൂരി ചിക്കനും തീവണ്ടി ഓഫിസിലെ സാദാ ചായയും!

തന്തൂരി ചിക്കനും തീവണ്ടി ഓഫിസിലെ സാദാ ചായയും!
X
slug-avkshngl-nishdnglകുറച്ചുകാലം മുമ്പ് നടന്ന ഒരു സംഭവം ഇപ്പോഴും പലരും മറന്നുകാണാന്‍ ഇടയില്ല. സംഗതി മറ്റൊന്നുമല്ല. ഒരു മിന്നല്‍പ്പണിമുടക്കാണു വിഷയം. വിമാനം പറപ്പിക്കുന്ന പൈലറ്റുമാരാണ് പണിമുടക്കിയത്. പണിമുടക്കിന്റെ കാരണം നിസ്സാരമായിരുന്നെങ്കിലും അതു സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ വളരെ വലുതായിരുന്നു. സമരംമൂലം രാജ്യത്തെ ആഭ്യന്തര വിമാനസര്‍വീസുകള്‍ നിലച്ചതോടെ സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യം അംഗീകരിച്ച് പ്രശ്‌നം പരിഹരിച്ചു.
ഇന്ദ്രപ്രസ്ഥത്തില്‍നിന്നു തുറമുഖനഗരിയിലേക്ക് പറന്നെത്തിയ പൈലറ്റിന് ഡിന്നറിനു നല്‍കിയ ഭക്ഷണത്തില്‍ തന്തൂരി ചിക്കന്‍ വിളമ്പാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകാര്‍ വിസമ്മതിച്ചതാണ് സമരകാരണമായത്. പൈലറ്റുമാരുടെ പണിമുടക്ക് ആകാശയാത്രയ്ക്ക് ഇടവേളയായെങ്കിലും അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നില്ല. കാരണം, നമ്മുടെ രാജ്യത്ത് വിമാനം സാധാരണക്കാരുടെ ഒരു യാത്രാമാര്‍ഗമായി ഇനിയും മാറിയിട്ടില്ല എന്നതു തന്നെ. ഇന്ത്യാരാജ്യത്ത് സാധാരണക്കാരും മധ്യവര്‍ഗവും യാത്രയ്ക്കായി കൂടുതല്‍ ആശ്രയിക്കുന്നത് റെയില്‍വേയെയാണ്. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ട്രെയിന്‍ യാത്ര ചെയ്യുന്ന രാജ്യം ഒരുപക്ഷേ ഇന്ത്യയായിരിക്കും. ഇന്ത്യയിലെ തൊഴില്‍ദാതാക്കളില്‍ ഒരു വലിയ പങ്കുവഹിക്കുന്നതും റെയില്‍വേയാണ്. ബ്രിട്ടിഷ് ഭരണകാലത്ത് സ്ഥാപിതമായ റെയില്‍വേ സംവിധാനം പടര്‍ന്നു പന്തലിച്ച് ഇന്നു നമ്മുടെ നാടിന്റെ മുക്കിലും മൂലയിലും വരെ പാളങ്ങളിലൂടെ തീവണ്ടി നമ്മെ തേടിയെത്തുന്നു. ഗാങ്മാന്‍ മുതല്‍ ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റ് വരെയുള്ളവരുടെ അശ്രാന്ത പരിശ്രമവും നിതാന്ത ജാഗ്രതയുമാണ് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ സേവനം പ്രശംസനീയം തന്നെയാണെന്നു പറയാതെ വയ്യ!
ലക്ഷക്കണക്കിനു വരുന്ന ട്രെയിന്‍ യാത്രക്കാരെ സമയാസമയങ്ങളില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സല്‍കര്‍മം നിര്‍വഹിക്കുന്ന ജീവനക്കാരില്‍ ഒരു മുഖ്യ പങ്കുവഹിക്കുന്നത് ലോക്കോ പൈലറ്റുമാരാണ്. റെയില്‍വേയുടെ കീഴില്‍ ഏകദേശം 69,000 ലോക്കോ പൈലറ്റുമാരാണ് സേവനമനുഷ്ഠിച്ചുവരുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ രാജ്യത്തിന്റെ നാനാദിക്കുകളിലേക്ക് ഏതാണ്ട് 19,000 ട്രെയിനുകളാണ് ഇവരുടെ നിയന്ത്രണത്തില്‍ ഓടിച്ച് ലക്ഷ്യം കാണുന്നത്. എന്നാല്‍, തങ്ങള്‍ വളരെ ക്രൂരവും അസഹനീയവുമായ അന്തരീക്ഷത്തിലാണ് ഇപ്പോള്‍ ജോലി ചെയ്തുവരുന്നതെന്നും ഒരു ചായ കുടിക്കാനോ എന്തെങ്കിലും കഴിക്കാനോ എന്തിനേറെ ഒന്നു മൂത്രമൊഴിക്കാനോ പോലും ചെറിയ ഇടവേള അനുവദിക്കാത്ത പരിതാപകരമായ അവസ്ഥയാണെന്നും പരാതിപ്പെട്ട് ലോക്കോ പൈലറ്റുമാരുടെ സംഘടന ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. 12 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ജോലിസമയത്ത് തങ്ങള്‍ക്കു മാത്രമായി ഉപയോഗിക്കത്തക്കവിധം ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ഒന്നും തന്നെ നിലവിലില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ജോലിക്കിടയിലെ ഇത്തരം അപര്യാപ്തതകളും റെയില്‍വേ ബോര്‍ഡിന്റെ മനുഷ്യത്വരഹിതമായ സമീപനങ്ങളും മൂലം തങ്ങള്‍ മാനസികമായും ശാരീരികമായും ഏറെ പീഡിതരാണെന്നും ഈ സമ്മര്‍ദ്ദം പലപ്പോഴും ട്രെയിന്‍ അപകടങ്ങളിലേക്കു നയിക്കാന്‍ കാരണമാവാറുണ്ടെന്നും ലോക്കോ പൈലറ്റുമാര്‍ പരാതിപ്പെട്ടപ്പോള്‍ പാസഞ്ചര്‍, എക്‌സ്പ്രസ്, ഹൈസ്പീഡ്, ഗുഡ്‌സ് ട്രെയിനുകളില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ജോലിസമയത്ത് ഇടവേളകള്‍ നല്‍കാത്തത് പൊതുതാല്‍പര്യം പരിഗണിച്ചാണെന്നാണ് അധികൃതരുടെ ഭാഷ്യം.
അധികാരികളുടെ വാദഗതികള്‍ എന്തുതന്നെയായാലും സമാന മേഖലകളിലെ ജീവനക്കാരുടെ സേവനവ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങളുടെ അവസ്ഥ ഒട്ടും ആശാവഹമല്ലെന്നാണ് ലോക്കോ പൈലറ്റുമാര്‍ ഉദാഹരണസഹിതം പരാതിപ്പെടുന്നത്. റെയില്‍വേ അധികാരികള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍പോലും ലംഘിച്ചാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നതെന്നും ഓരോ ദിവസവും 12-13 മണിക്കൂര്‍ ഡ്യൂട്ടി ചെയ്തശേഷം ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് വീക്ക്‌ലി ഓഫ് അനുവദിക്കുന്നതെന്നും അവര്‍ പരാതിപ്പെടുന്നു. അതേസമയം, അഞ്ചു മണിക്കൂര്‍ ഡ്യൂട്ടിക്കു ശേഷം ഇടവേള ലഭിക്കുന്ന ലോറി-ബസ് ഡ്രൈവര്‍മാരുടെയും ഓരോ മൂന്നു മണിക്കൂറിനു ശേഷവും ഇടവേള അനുഭവിക്കുന്ന മെട്രോ ട്രെയിന്‍ ഡ്രൈവര്‍മാരുടെയും അവസ്ഥ പരാതിക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ വിശദീകരിക്കുന്നു. കൂടാതെ അയ്യായിരത്തിലധികം വരുന്ന ഡ്രൈവര്‍മാരെ ഓഫിസര്‍മാരുടെ വീടുകളിലും ഓഫിസുകളിലും അദര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള നടപടിയും ഡ്രൈവര്‍മാരുടെ സംഘടന ചോദ്യംചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയും പൊതുതാല്‍പര്യവും ജീവനക്കാരുടെ മനുഷ്യാവകാശങ്ങളും കണക്കിലെടുക്കുംവിധമുള്ള ഒരു ശാശ്വത പരിഹാരം ഈ വിഷയത്തിലുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി നമുക്കു പ്രത്യാശിക്കാം. ഹ
Next Story

RELATED STORIES

Share it