തനിക്ക് ഇതരസംസ്ഥാന സുഹൃത്ത് ഇല്ലെന്ന് ജിഷയുടെ സഹോദരി

കൊച്ചി: തനിക്ക് ഇതര സംസ്ഥാനക്കാരനായ ഒരു സുഹൃത്തും ഇല്ലെന്നും അത്തരക്കാരുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. തനിക്ക് ഹിന്ദി സംസാരിക്കാന്‍ പോലും അറിയില്ല. എന്തെങ്കിലും ചോദിച്ചാല്‍ മുക്കിയും മൂളിയും പറയുമെന്നല്ലാതെ ഹിന്ദി ഭാഷ തനിക്കറിയില്ല. പിന്നെയെങ്ങനെ തനിക്ക് ഇവരുമായി ബന്ധമുണ്ടെന്നു പറയാന്‍ കഴിയും? എന്തിനാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ അനാവശ്യമായി വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും ദീപ ചോദിച്ചു. താന്‍ പിതാവിനൊപ്പം മൂന്നു മാസം താമസിച്ചിട്ടുണ്ട്. അവിടെ ആളുകള്‍ വരുമായിരുന്നുവെന്ന് പറയുന്നത് വെറുതെയാണ്. പരിചയമില്ലാത്ത ആരെങ്കിലും വരുന്നുണ്ടായിരുന്നുവെങ്കില്‍ അയല്‍ക്കാര്‍ അവരെ തടഞ്ഞുനിര്‍ത്തി എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്നും ദീപ ചോദിച്ചു. തനിക്കറിയാവുന്ന കാര്യങ്ങള്‍ മാത്രമെ താന്‍ വനിതാ കമ്മീഷനോടും പോലിസിനോടും പറഞ്ഞിട്ടുളളു. തന്റെ അമ്മയും സഹോദരിയും തന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ മാത്രമെ തനിക്കറിവുള്ളു. കഴിഞ്ഞ ഒന്നരവര്‍ഷമായി താന്‍ അമ്മയോടും ജിഷയോടും ബന്ധം പുലര്‍ത്തിയിരുന്നില്ല. അമ്മയുടെ തറവാട് വീട്ടിലാണ് താന്‍ താമസിക്കുന്നത്. താന്‍ സ്ഥിരമായി ജോലിക്കു പോകുന്ന ആളാണ്. സംശയമുണ്ടെങ്കില്‍  ജോലി ചെയ്യുന്ന സ്ഥാ—പനത്തില്‍ അന്വേഷിച്ചാല്‍ മനസ്സിലാവും. ജിഷയെ ആരെങ്കിലും ശല്യപ്പെടുത്തുന്നതായി അവള്‍ തന്നോട് പറഞ്ഞിട്ടില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ ജിഷ പറയുമായിരുന്നു. പോലിസ് വന്ന് കേസന്വേഷണത്തിന്റെ ഭാഗമായി ചോദിച്ച ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി തന്റെ മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഫോണ്‍ വിവരങ്ങള്‍ അവര്‍ അന്വേഷിക്കും. ഭര്‍ത്താവുമായി ബന്ധം പിരിഞ്ഞെങ്കിലും അതിനു ശേഷം അദ്ദേഹത്തില്‍നിന്നു തനിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍പക്കക്കാരില്‍ ഏതാനും പേരെ സംശയമുള്ളതായി അമ്മ പറഞ്ഞിട്ടുണ്ട്. വീട് പണി നടക്കുന്ന സ്ഥലത്ത് ചിലരുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. വീടു പണിയാന്‍ വന്ന ഒരു മലയാളി ജിഷയുടെ അടുത്ത് മോശമായി സംസാരിച്ചിരുന്നു. അതിനെതിരേ അമ്മ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമ്മയെയും മകളെയും വച്ചേക്കില്ലെന്നും ശരിയാക്കിത്തരാമെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും അവരുടെ പേരറിയില്ലെന്നും ദീപ പറഞ്ഞു. ജിഷ വീടു പണിയുന്ന സ്ഥലം പോലും തനിക്ക് അടുത്തിടെയാണ് അറിയാന്‍ കഴിഞ്ഞത്. അച്ഛന്‍ ആശുപത്രിയില്‍ കിടന്ന സമയത്ത് അടുത്തകാലത്തൊന്നും ജിഷ ശുശ്രൂഷിക്കാന്‍ വന്നിട്ടില്ല. അച്ഛന്‍ എപ്പോഴും മദ്യപാനമായിരുന്നു. വീട് നോക്കാറില്ലായിരുന്നു. തങ്ങള്‍ക്ക് വീടുപണിയാനുള്ള അപേക്ഷ ഒപ്പിട്ടു തരാന്‍ പോലും അച്ഛന്‍ തയ്യാറായിരുന്നില്ല. പിതാവിനൊപ്പം ജിഷ പണ്ടു താമസിച്ചിരുന്നു. അടുത്ത കാലത്തൊന്നും താമസിച്ചിട്ടില്ല. അവിടെ വച്ച് തന്റെയൊരു സുഹൃത്തിനെയും ജിഷ പരിചയപ്പെട്ടിരുന്നില്ലെന്നും ദീപ പറഞ്ഞു. എല്‍ദോസ് എന്നു പറയുന്ന ഒരു സുഹൃത്ത് ദീപയ്ക്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദീപയുടെ മറുപടി.
Next Story

RELATED STORIES

Share it