Flash News

തനിക്കെതിരേ ചെറുവിരലനക്കാന്‍ കഴിയില്ലെന്ന് മന്ത്രി ; വെല്ലുവിളിച്ച് ചാണ്ടി



ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജനജാഗ്രതാ യാത്രാവേദിയില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി. കായല്‍ കൈയേറ്റ ആരോപണത്തില്‍ തനിക്കെതിരേ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. ആരെയും വെല്ലുവിളിക്കാനല്ല, രാഷ്ട്രീയം പറയാനും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കാനുമാണ് യാത്രയെന്ന് വേദിയില്‍ തന്നെ കാനം മറുപടി നല്‍കി. ജനജാഗ്രതാ യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണകേന്ദ്രമായ നെടുമുടി പുപ്പള്ളിയിലായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷന്‍ കൂടിയായ തോമസ് ചാണ്ടിയുടെ വെല്ലുവിളിയും കാനത്തിന്റെ മറുപടിയും.തനിക്കെതിരേ കായല്‍ കൈയേറിയെന്ന പ്രചാരണം ബോധപൂര്‍വമായാണ് തുടങ്ങിയതെന്നും അടിയന്തരപ്രമേയമായി നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ച പ്രതിപക്ഷത്തിന് ഇതു തെളിയിക്കാന്‍ കഴിയുമോ എന്നും വെല്ലുവിളിച്ചുകൊണ്ടായിരുന്നു തോമസ് ചാണ്ടിയുടെ തുടക്കം. തനിക്കെതിരേ അടിയന്തര പ്രമേയം അവതരിപ്പിച്ച പാലക്കാട്ടുകാരന്‍ എംഎല്‍എ വേമ്പനാട്ടുകായലും മാര്‍ത്താണ്ഡം കായലുമൊന്നും കണ്ടിട്ടില്ല. കായല്‍ കൈയേറിയെന്നു കാണിച്ചുതന്നാല്‍ മന്ത്രിസ്ഥാനം മാത്രമല്ല, എംഎല്‍എ സ്ഥാനം വരെ രാജിവച്ച് വീട്ടില്‍ പോവാമെന്ന തന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടായില്ല. വെല്ലുവിളി ആവര്‍ത്തിക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു. ജാഥാ സ്വീകരണത്തിന് നന്ദി പറഞ്ഞ കാനം, ആരെയും വെല്ലുവിളിക്കാനല്ല ജനജാഗ്രതാ യാത്രയെന്നു വിശദീകരിച്ചു. സംസാരത്തിലെ ഔചിത്യത്തെക്കുറിച്ച് ആലോചിക്കേണ്ടത് സംസാരിക്കുന്നവരാണെന്ന് പിന്നീട് സിപിഐ ജില്ലാ ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാനം പറഞ്ഞു. തോമസ് ചാണ്ടി സ്വീകരണ സമ്മേളനത്തിലെ അധ്യക്ഷന്‍ മാത്രമാണ്. ജാഥയുടെ നിലപാട് പറയുന്നത് ജാഥാ ക്യാപ്റ്റനോ ജാഥാ അംഗങ്ങളോ ആണ്; സമ്മേളനത്തിന്റെ അധ്യക്ഷനല്ല. അധ്യക്ഷന്‍ പറയുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ മേഖലാ യാത്രയില്‍ സിപിഎം സ്വതന്ത്ര എംഎല്‍എയായ പി വി അന്‍വര്‍ പങ്കെടുക്കണോ എന്നു തീരുമാനിക്കാനുള്ള അവകാശം സിപിഎമ്മിനുണ്ട്. എന്‍സിപി എംഎല്‍എയായ തോമസ് ചാണ്ടിയുടെ നിയോജകമണ്ഡലത്തില്‍ ജാഥാ സ്വീകരണം നടന്നതുകൊണ്ടാണ് അദ്ദേഹം അധ്യക്ഷപദവിയില്‍ എത്തിയതെന്നും കാനം കൂട്ടിച്ചേര്‍ത്തു. സിപിഐ കൈയാളുന്ന റവന്യൂ വകുപ്പ് തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിനെതിരേ ശക്തമായ നിലപാട് എടുത്തുവരുന്ന സാഹചര്യത്തിലാണ് ചാണ്ടിയുടെ വെല്ലുവിളിയും കാനത്തിന്റെ മറുപടിയും. ജനജാഗ്രതാ യാത്ര ആലപ്പുഴയിലെ പര്യടനം ഇന്നലെ പൂര്‍ത്തിയാക്കി. ഇന്നു യാത്ര എറണാകുളത്ത് പര്യടനം ആരംഭിക്കും.
Next Story

RELATED STORIES

Share it