kasaragod local

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ട്രാന്‍സ്‌ലേറ്റര്‍മാരെ നിയമിക്കണം : സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍



കാസര്‍കോട്: ഭാഷാന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഭാഷ തര്‍ജമ ചെയ്യാന്‍ ട്രാന്‍സിലേറ്റര്‍മാരെ നിയമിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ഭാഷാ ന്യൂനപക്ഷ മേഖലയിലെ പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ വരുന്നതിനാല്‍ ഇത് യഥാസമയം നടപ്പാക്കാന്‍ ട്രാന്‍സലേഷന്‍ ഇല്ലാത്തതിനാല്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് മുന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ ബി ചെര്‍ക്കള സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഭാഷാന്യൂനപക്ഷങ്ങള്‍ കൂടുതലായുള്ള കാസര്‍കോട് പോലുള്ള ജില്ലകളില്‍ ട്രാന്‍സിലേറ്റര്‍ തസ്തിക നികത്തേണ്ടതുണ്ട്. നിലവില്‍ പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തണം. പരപ്പ ചീനമ്മാടത്തെ ഖദീജയുടെ കൈവശഭൂമി ഉടന്‍ പതിച്ച് നല്‍കണമെന്ന് കമ്മീഷന്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഖദീജയുടെ കൈവശഭൂമിക്ക് ഉള്ള രേഖകള്‍ പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അലിഗഡ് സര്‍വകലാശാലയുടെ മലപ്പുറം കാംപസില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നില്ല എന്ന പരാതിയില്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കോളര്‍ഷിപ്പ് ഓഫിസറോട് ആവശ്യപ്പെട്ടു. ബേക്കല്‍ ആറാട്ടുകടവ് ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂളില്‍ പഠിച്ചുവരുന്ന യാസിന്‍ എന്ന വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പിതാവ് കളനാട് കോടങ്കൈ ഹൗസിലെ മുഹമ്മദ് സമീര്‍ അലിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. കാസര്‍കോട് പോലിസ് സ്‌റ്റേഷന്‍ ലോക്കപ്പില്‍ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, പ്രവര്‍ത്തകനായ അനസ് എതിര്‍ത്തോട് എന്നിവരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കമ്മീഷന്‍ പോലിസ് റിപോര്‍ട്ട് തേടി. സിറ്റിങില്‍ 13 കേസുകള്‍ പരിഗണിച്ചു. മൂന്ന് കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it