Kollam Local

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ആദ്യ അംഗത്തെ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യിപ്പിക്കുന്നത് ബന്ധപ്പെട്ട വരണാധികാരികളാണ്. കൊല്ലം കോര്‍പറേഷനില്‍ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോര്‍പറേഷനില്‍ രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10ന് സത്യപ്രതിജ്ഞ നടക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം പ്രതിജ്ഞ ചെയ്യുന്നത്. തുടര്‍ന്ന് മറ്റ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിപ്പിക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം അംഗങ്ങള്‍ സത്യപ്രതിജ്ഞാ രജിസ്റ്ററിലും ബന്ധപ്പെട്ട കക്ഷി രജിസ്റ്ററിലും ഒപ്പുവയ്ക്കും. ഇതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം നടക്കും. ആദ്യം സത്യപ്രതിജ്ഞ ചെയ്തയാളാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക.

യോഗത്തില്‍ പ്രസിഡന്റ്,ചെയര്‍പേഴ്‌സണ്‍,മേയര്‍,വൈസ്പ്രസിഡന്റ്,വൈസ് ചെയര്‍പേഴ്‌സണ്‍,ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കുകയും ചെയ്യും. മുനിസിപ്പല്‍, കോര്‍പറേഷന്‍ ചെയര്‍മാന്‍, മേയര്‍ തിരഞ്ഞെടുപ്പ് 18ന് രാവിലെ 11നും ഡെപ്യൂട്ടി മേയര്‍,വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് 19ന് രാവിലെ 11നും വൈസ് പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടിനും നടക്കും.
തദ്ദേശസ്ഥാപനങ്ങളില്‍ പ്രസിഡന്റിനെയോ ചെയര്‍മാനെയോ മേയറെയോ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കേണ്ടിവന്നാല്‍ പരസ്യബാലറ്റിലാണ് വോട്ടുചെയ്യേണ്ടത്. തിരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ വോട്ടവകാശമുള്ള അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണം ആയിരിക്കണം. ഇത്രയും എണ്ണം അംഗങ്ങള്‍ ഹാജരായില്ലെങ്കില്‍ യോഗം തൊട്ടടുത്ത പ്രവൃത്തിദിവസത്തേക്ക് മാറ്റിവയ്ക്കും. അടുത്ത ദിവസത്തെ യോഗത്തില്‍ ക്വാറം നോക്കാതെതന്നെ തിരഞ്ഞെടുപ്പ് നടത്തും.
പ്രസിഡന്റിന്റെയോ ചെയര്‍മാന്റെയോ സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യാന്‍ വരണാധികാരി അംഗങ്ങളെ ക്ഷണിക്കും. ഒരു അംഗത്തെ മറ്റൊരംഗം സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യേണ്ടതും വേറൊരംഗം പിന്താങ്ങുകയും വേണം. നാമനിര്‍ദേശം ചെയ്യപ്പെട്ട ആള്‍ ഹാജരില്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാന്‍ സമ്മതിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ സമ്മതപത്രം ഹാജരാക്കണം.
ഒരംഗം ഒന്നിലധികം പേരുകള്‍ നിര്‍ദേശിക്കാനോ പിന്താങ്ങാനോ പാടില്ല. നാമനിര്‍ദേശം ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയായി ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കും. ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇതിലേക്കായി വോട്ടുചെയ്യാന്‍ അര്‍ഹതയുള്ള ഓരോ അംഗത്തിനും വരണാധികാരി ബാലറ്റ് പേപ്പര്‍ നല്‍കും. ബാലറ്റുപേപ്പറില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും പേരുകളും മറുപുറത്ത് വരണാധികാരിയുടെ മുദ്രയും ഒപ്പും ഉണ്ടാകും.
ഓരോ അംഗവും ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനെതിരെ ഗുണന ചിഹ്നം രേഖപ്പെടുത്തി ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് സ്വന്തം പേരും ഒപ്പും രേഖപ്പെടുത്തി വരണാധികാരിയെ ഏല്‍പ്പിക്കണം. വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം വരണാധികാരി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ബാലറ്റ് പേപ്പറുകള്‍ എണ്ണേണ്ടതും ഓരോ അംഗവും ഏതു സ്ഥാനാര്‍ഥിക്കാണ് വോട്ടുരേഖപ്പെടുത്തിയതെന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ തുല്യമായി വരുന്ന സന്ദര്‍ഭത്തില്‍, യോഗത്തില്‍ നറുക്കെടുപ്പ് നടത്തും. ആരുടെ പേരാണോ ആദ്യം നറുക്കെടുക്കപ്പെടുന്നത് ആ ആള്‍ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.
Next Story

RELATED STORIES

Share it