തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്; ഗുജറാത്ത് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് റദ്ദാക്കി

അഹ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഹൈക്കോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി കാലാവധി തീരുന്നതിനു മുമ്പ് വോട്ടെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പ് മൂന്നുമാസം നീട്ടുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉപയോഗപ്പെടുത്തിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ആക്ടിങ് ചീഫ് ജസ്റ്റിസ് ജയന്ത് പട്ടേല്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു.
ബോംബെ പ്രവിശ്യ മുനിസിപ്പല്‍ കോര്‍പറേഷന്‍ നിയമത്തിലെ ഏഴ് (എ), മുനിസിപ്പാലിറ്റി നിയമത്തിലെ എട്ട് (എ), പഞ്ചായത്ത് നിയമത്തിലെ 25ാം വകുപ്പ് എന്നിവ ഭേദഗതി ചെയ്യുന്ന ഓര്‍ഡിനന്‍സാണ് കോടതി റദ്ദാക്കിയത്. പട്ടേല്‍ സംവരണ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ബിജെപി സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്ത് ഈ മാസം മൂന്നിന് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇതനുസരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമസമാധാനനില മുന്‍നിര്‍ത്തി വോട്ടെടുപ്പ് മൂന്നുമാസത്തേക്ക് നീട്ടിവച്ചുകൊണ്ട് വിജ്ഞാപനമിറക്കുകയായിരുന്നു. കോടതി ഉത്തരവ് ബിജെപി സര്‍ക്കാരിന് തിരിച്ചടിയാണ്.
ഈ വര്‍ഷം ഒക്ടോബറിനും നവംബറിനുമിടയില്‍ ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും 56 മുനിസിപ്പാലിറ്റികളിലേക്കും 250 താലൂക്ക് പഞ്ചായത്തുകളിലേക്കും 31 ജില്ലാപഞ്ചായത്തുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി തീരുന്നതിന് 45 ദിവസം മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് പ്രക്രിയ തുടങ്ങണം. സര്‍ക്കാരിന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തദ്ദേശസ്ഥാപനങ്ങളുടെ കാലാവധി പൂര്‍ത്തിയായതിന് ശേഷം ജനപ്രതിനിധികള്‍ക്ക് പകരം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശവും ഭരണഘടനാവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it