തദ്ദേശ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലല്ലെന്നു ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കഴിഞ്ഞവര്‍ഷം 8671 കോടി അനുവദിച്ച സ്ഥാനത്ത് ഈ വര്‍ഷം 9774 കോടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അടങ്കല്‍ തുക.
മുന്‍വര്‍ഷം ഈ സമയത്ത് ആകെ അനുവദിച്ച തുകയുടെ 45 ശതമാനം ചെലവഴിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം അത് 60.6 ശതമാനമാണ്.  തദ്ദേശ സ്ഥാപനങ്ങളുടെ ചെലവില്‍ യാതൊരു നിയന്ത്രണവും വരുത്തിയിട്ടില്ലെന്നു ഇത് വ്യക്തമാക്കുന്നു. സംസ്ഥാനത്തു ജനകീയാസൂത്രണ പദ്ധതി ആരംഭിച്ചതു മുതലുള്ള കീഴ്‌വഴക്കം തുടരാനാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഒരു സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനത്ത് നിലനില്‍ക്കുന്നുമില്ല. സംസ്ഥാന ധനകാര്യ കമ്മീഷന്റെ നിര്‍ദേശം അതേപടി സ്വീകരിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അധികാര വികേന്ദ്രീകരണമെന്ന ആശയം സര്‍ക്കാര്‍ കൗശലമായി അട്ടിമറിച്ചെന്നും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധി സഭാ നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
വി ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ തള്ളിക്കളയുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. 2016-17 മുതല്‍ 2020-21 വരെ നടപ്പാക്കേണ്ട ശുപാര്‍ശയാണ് സംസ്ഥാന ധനകാര്യ കമ്മീഷന്‍ രണ്ടു ഘട്ടമായി സര്‍ക്കാരിന് സമര്‍പ്പിച്ചത്. എന്നാല്‍ റിപോര്‍ട്ട് ലഭിച്ച ശേഷം മൂന്നു ബജറ്റുകള്‍ ധനകാര്യമന്ത്രി അവതരിപ്പിച്ചിട്ടും കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പണം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. കമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ 19 ശതമാനം കുറവാണ് ഈ വര്‍ഷം നല്‍കിയത്.
അഞ്ചു വര്‍ഷക്കാലം ഓരോ പ്രാദേശിക സര്‍ക്കാരിനും ലഭിക്കേണ്ട തുക സര്‍ക്കാര്‍ അറിയിക്കണമെന്ന കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ നിരാകരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റ് നല്‍കേണ്ടത് ആസ്തിയുടെ അടിസ്ഥാനത്തില്‍ വേണമെന്ന ആവശ്യവും നിരാകരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വാര്‍ഷിക ഫണ്ട് 12 ഗഡുക്കളായി നല്‍കണമെന്നതും പാലിച്ചില്ല.
പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ തോമസ് ഐസക് ധനകാര്യ കമ്മീഷന് മുന്നില്‍വച്ച പ്രധാന ആവശ്യം അദ്ദേഹം തന്നെ മന്ത്രിയായി എത്തിയപ്പോള്‍ മറികടന്നുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. വിനോദനികുതിയില്‍ നിന്നുള്ള വരുമാനം എട്ടു മാസമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ലൈഫ് പദ്ധതി പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഇപ്പോഴും അവര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
പിശുക്കനായ ഒരു മുതലാളിയുടെ നിലപാടാണ് ധനകാര്യമന്ത്രി സ്വീകരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പഞ്ചായത്തുകള്‍ക്ക് ആവശ്യത്തിനുള്ള ഫണ്ട് നല്‍കാത്തത് നിഷേധാത്മക നിലപാടാണ്.
സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ധനകാര്യ കമ്മീഷന്റെ നിലപാടുകള്‍ തിരസ്‌കരിക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ലെന്നു കെ എം മാണി പറഞ്ഞു. ഏകാധിപത്യപരമായ ഈ നിലപാട് ശരിയല്ലെന്നും മാണി പറഞ്ഞു. യുഡിഎഫും കേരളാ കോണ്‍ഗ്രസ്സും ബിജെപിയും വാക്കൗട്ട് നടത്തി.
Next Story

RELATED STORIES

Share it