തദ്ദേശ സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നു

ന്യൂഡല്‍ഹി: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമം പാലിക്കാന്‍ തയ്യാറാവുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. തദ്ദേശ സ്ഥാപനങ്ങള്‍ വ്യാപകമായ നിയമലംഘനങ്ങള്‍ നടത്തുകയാണെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വേമ്പനാട്ടു കായലിലെ നെടിയന്തുരുത്ത് ദ്വീപിലുള്ള നിര്‍മാണം നിയമം ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. അവ പൊളിച്ചുനീക്കാന്‍ അനുമതി നല്‍കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വേമ്പനാട്ട് കായല്‍ കൈയേറി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിനെതിരേ റിസോര്‍ട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളെ വിമര്‍ശിച്ച് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ വ്യാപകമായി നിയമലംഘനങ്ങള്‍ നടത്തുന്നുവെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം.
തീരദേശ പരിപാലനച്ചട്ടം തുടര്‍ച്ചയായി ലംഘിക്കുകയാണ്. വേമ്പനാട്ട് കായലിലെ പാണാമ്പള്ളി നെടിയന്തുരുത്തിലെ കാപ്പികോ റിസോര്‍ട്ട് പൂര്‍ണമായും നിയമം ലംഘിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇതു പൊളിച്ചുനീക്കാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തീരദേശ പരിപാലന നിയമം പാലിക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഗുരുതരമായ വീഴ്ച വരുത്തുകയാണ്. വേമ്പനാട്ട് കായലിലെ നെടിയന്തുരുത്ത്, വെറ്റിലത്തുരുത്ത് ദ്വീപുകള്‍ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളാണ്. ഇവിടെ ഒരുതരത്തിലുള്ള നിര്‍മാണങ്ങളും അനുവദിക്കാനാവില്ല. ഇതു മറികടന്നാണ് പാണാവള്ളി പഞ്ചായത്ത് റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയത്. കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ (സിആര്‍ഇസഡ്) പരിധിയിലുള്ള പ്രദേശങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ നടത്തിയ മുഴുവന്‍ നിര്‍മാണങ്ങളും പൊളിച്ചുകളയാന്‍ ഉത്തരവിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it