Pathanamthitta local

തദ്ദേശ സ്ഥാപനങ്ങള്‍ തീര്‍ത്ഥാടന മുന്നൊരുക്കം നടത്തണം: കലക്ടര്‍



പത്തനംതിട്ട: ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ 17 തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 2.20 കോടി രൂപ ഉപയോഗിച്ച് തീര്‍ഥാടന മുന്നൊരുക്കങ്ങളും ഇടത്താവളങ്ങളിലെ പണികളും ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ തദ്ദേശഭരണ സെക്രട്ടറിമാര്‍ക്ക്  നിര്‍ദേശം നല്‍കി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നരൊക്കങ്ങളുടെ അന്തിമ വിലയിരുത്തലിന് ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കുളനട(25 ലക്ഷം), മെഴുവേലി(16 ലക്ഷം), ആറന്മുള(11 ലക്ഷം), മല്ലപ്പുഴശേരി(അഞ്ച് ലക്ഷം), കോഴഞ്ചേരി(അഞ്ച് ലക്ഷം), അയിരൂര്‍(10 ലക്ഷം), റാന്നി(അഞ്ച് ലക്ഷം), റാന്നി-അങ്ങാടി(എട്ട് ലക്ഷം), റാന്നി പഴവങ്ങാടി(10 ലക്ഷം), ചെറുകോല്‍(10 ലക്ഷം), റാന്നി പെരുനാട്(35.5 ലക്ഷം), വടശേരിക്കര(20 ലക്ഷം), നാറാണംമൂഴി(അഞ്ച് ലക്ഷം), ചിറ്റാര്‍(10 ലക്ഷം), സീതത്തോട്(7.5 ലക്ഷം), കോന്നി(12 ലക്ഷം), പന്തളം നഗരസഭ(25 ലക്ഷം) തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടാകരുത്. ഇടത്താവളങ്ങളുടെ നവീകരണം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തികളും ഈ മാസം 10ന് മുമ്പ്് പൂര്‍ത്തിയാക്കണം.  പത്തനംതിട്ട നഗരസഭയിലെ ഇടത്താവളത്തിന്റെ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. ഇടത്താവളങ്ങില്‍ കുടിവെള്ളം, ശുചിത്വമുള്ള ടോയ്—ലറ്റുകള്‍, തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാനാവശ്യമായ സൗകര്യങ്ങള്‍ എന്നിവ ഉണ്ടെന്ന് തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ അനുവദിച്ച തുക മാനദണ്ഡങ്ങള്‍ പാലിച്ച് തീര്‍ഥാടകര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ചെലവഴിക്കുന്നു എന്ന് എല്ലാ തദ്ദേശഭരണ സെക്രട്ടറിമാരും ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ ചുമതലയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 16 മുതല്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടന കാലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും കൃത്യമായി ഡ്യൂട്ടിക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്തും. യോഗത്തില്‍ എഡിഎം അനു എസ് നായര്‍, ദുരന്തനിവാരണം ഡെപ്യുട്ടി കലക്ടര്‍ പി ടി ഏബ്രഹാം പങ്കെടുത്തു.
Next Story

RELATED STORIES

Share it