Alappuzha local

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കാം: മന്ത്രി ടി എം തോമസ് ഐസക്



ആലപ്പുഴ: പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താല്‍കാലികമായി ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി ധന മന്ത്രി ഡോ. ടി എം തോമസ് ഐസക്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എംഎല്‍എ ഫണ്ട് അവലോകന യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.  പിഎച്ച്‌സികളില്‍ ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും സിഎച്ച്‌സികളില്‍ രണ്ട് ഡോക്ടര്‍മാരെയും രണ്ടു പാരാമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിനാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത്/പ്ലാന്‍ ഫണ്ടില്‍നിന്ന് ഇവര്‍ക്കുള്ള വേതനം ദേശീയാരോഗ്യദൗത്യത്തിന്റെ മാനദണ്ഡപ്രകാരം നല്‍കാം. ചെലവുകള്‍ പിന്നീട് സര്‍ക്കാര്‍ നല്‍കും. ഡോക്ടര്‍മാരെ നിയമിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം. ഇതു സംബന്ധിച്ച നിര്‍ദേശം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വഴി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണവകുപ്പ് ഉത്തരവ് ഇറക്കി. കടല്‍ക്ഷോഭം മൂലം അപകടാവസ്ഥയിലുള്ള വീടുകള്‍ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. 11 സ്ഥലങ്ങളില്‍ മണല്‍ നിറച്ച ജിയോ സിന്തെറ്റിക് ബാഗുകള്‍ സ്ഥാപിക്കുമെന്നും 12,000 ബാഗുകള്‍ മൂന്നു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നും തീരസംരക്ഷണ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. രണ്ടു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ബാഗുകളാണ് സ്ഥാപിക്കുക. കയര്‍ ലാറ്റക്‌സ് ബാഗുകള്‍ അഞ്ചിടത്ത് സ്ഥാപിക്കും. ഒരു സ്ഥലത്ത് പൂര്‍ത്തീകരിച്ചുവരുന്നു. രണ്ടു മീറ്റര്‍ നീളവും 1.4 മീറ്റര്‍ വീതിയുമുള്ള കയര്‍ ബാഗുകളാണ് ഉപയോഗിക്കുന്നത്. കല്ല്, ഭൂവസ്ത്രം, കണ്ടല്‍/കാറ്റാടി ജൈവവേലി എന്നിവ ഉപയോഗിച്ചുള്ള തീരസംരക്ഷണം വേണമെന്ന് മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം തീരസംരക്ഷണത്തിനായി വേനല്‍ക്കാലത്ത് കടല്‍ ഇറങ്ങുമ്പോള്‍ തന്നെ ബാഗുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ആലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ നടന്നുവരുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. ജില്ലാ കലക്ടര്‍ വീണാ എന്‍ മാധവന്‍, ഡെപ്യൂട്ടി കലക്ടര്‍ പി എസ് സ്വര്‍ണമ്മ, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it