തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം 20 ശതമാനമാക്കണമെന്ന് ധനകാര്യ കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം 18ല്‍ നിന്ന് 20 ശതമാനമാക്കാന്‍ അഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ. സര്‍ക്കാരിന്റെ ധനസ്ഥിതി മോശമായിരിക്കുന്ന സാഹചര്യത്തില്‍ വിഹിതം കാര്യമായി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന നിര്‍ദേശങ്ങള്‍ അവഗണിച്ചാണു കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂട്ടാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാനമാര്‍ഗങ്ങളായ വസ്തു, സംരക്ഷണ, വിനോദ, തൊഴില്‍ നികുതികള്‍ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയുണ്ട്. 630 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങളുടെ നികുതി കൂട്ടാനാണ് ശുപാര്‍ശയെന്നാണ് സൂചന.
ഡോക്ടര്‍ ബി എ പ്രകാശ് അധ്യക്ഷനായ അഞ്ചാം ധനകാര്യ കമ്മീഷനാണ് റിപോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറിയത്. ഗവര്‍ണര്‍ ഈ റിപോര്‍ട്ട് നടപടിക്കായി മുഖ്യമന്ത്രിക്കു കൈമാറും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോടെ റിപോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കും. നടപ്പു സാമ്പത്തിക വര്‍ഷം വരുമാനത്തിന്റെ 18 ശതമാനമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം.
ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് 20 ശതമാനമാക്കാനാണ് ശുപാര്‍ശ. അങ്ങനെ വരുമ്പോള്‍ പ്രതിവര്‍ഷം 6,900 കോടി രൂപയുടെ സ്ഥാനത്ത് അടുത്ത സാമ്പത്തികവര്‍ഷം 8,400 കോടി രൂപ നല്‍കണം. കഴിഞ്ഞ കമ്മീഷന്റെ കാലത്ത് വര്‍ധന 14 മുതല്‍ 18 ശതമാനം വരെയായിരുന്നു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇക്കുറി മെയിന്റനന്‍സ് ഗ്രാന്റ് ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും ശേഷിയനുസരിച്ചാണു നിശ്ചയിച്ചിരിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിനുമുള്ള റോഡ്, കെട്ടിടങ്ങള്‍, മറ്റ് ആസ്തികള്‍ കണക്കാക്കി ആനുപാതികമായിട്ടാണ് ഗ്രാന്റ് നിശ്ചയിച്ചിരിക്കുന്നത്. ഭരണത്തിനും വികസനങ്ങള്‍ക്കും അറ്റകുറ്റപ്പണിക്കുമുള്ള ഫണ്ടുകള്‍ കൂടും. 1988ന് ശേഷം തൊഴില്‍ നികുതി കൂട്ടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം കെട്ടിട നികുതി കൂട്ടിയെങ്കിലും എതിര്‍പ്പുയര്‍ന്നതോടെ പിന്‍വലിച്ചു.
20 വര്‍ഷമായി നികുതി വര്‍ധിപ്പിക്കാതെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കണം. കേന്ദ്ര ധനകാര്യകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള വിഹിതം പ്രത്യേകമായി നല്‍കാനും ശുപാര്‍ശയുണ്ട്.
Next Story

RELATED STORIES

Share it