Kottayam Local

തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ പരാതിപ്പെട്ടി സ്ഥാപിക്കും



ഈരാറ്റുപേട്ട: സേവനങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും സ്വീകരിച്ച് ഉടന്‍ നടപടിയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ പരാതിപ്പെട്ടി സ്ഥാപിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ടൗണ്‍ പ്ലാനിങ് ഓഫിസുകളിലുമാണ് പരാതിപ്പെട്ടി സ്ഥാപിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ പെട്ടന്നു കാണുന്ന സ്ഥലത്താണ് പരാതിപ്പെട്ടി സ്ഥാപിക്കുന്നത്.പെട്ടി തുറക്കുന്ന ദിവസം അതിന്റെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്റെ പേര്, ഫോണ്‍ നമ്പര്‍, അപ്പീല്‍ അധികാരിയുടെ പേര് എന്നിവയും കൂടെ പ്രദര്‍ശിപ്പിക്കും. പരാതിപ്പെട്ടിയുടെ താക്കോല്‍ തദ്ദേശ സ്ഥാപനത്തിന്റെ ചുമതലയുള്ള പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസര്‍, സൂപ്പര്‍ വൈസര്‍ എന്നിവരുടെ കൈവശമായിരിക്കും. മാസത്തിലൊരിക്കല്‍ ഈ ഉദ്യോഗസ്ഥന്‍ പെട്ടി തുറന്ന് പരാതികളെടുത്ത് രജിസ്റ്ററില്‍ രേഖപ്പെടുത്തു. അന്നു തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരാതി വിശദമായി പരിശോധിച്ച് പരിഹരിക്കാനുള്ള നിര്‍ദേശങ്ങളോടെ സെക്രട്ടറിമാര്‍ക്ക് കൈമാറും. സെക്രട്ടറി അത് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനു കൈമാറുകയും പരിഹാരം കണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. പരാതിപ്പെട്ടി തുറക്കുന്ന ദിവസം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കണം. പരാതി പരിഹരിക്കാന്‍ സെക്രട്ടറിക്കു നല്‍കിയ നിര്‍ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍, എത്ര ദിവസത്തിനകം പരിഹാരമുണ്ടാവുമെന്ന വിവരം, പരാതി പരിഗണിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം എന്നിവ അന്നുതന്നെ പരാതിക്കാരനെ അറിയിക്കുകയും ചെയ്യണം. അടുത്ത മാസത്തെ പരാതിപ്പെട്ടി തുറക്കുന്നതിന് മുമ്പ് ഓഡിറ്റ് ഉദ്യോഗസ്ഥര്‍ മുന്‍മാസത്തെ പരാതിയില്‍ ഉണ്ടായ നടപടി വിലയിരുത്തി ആവശ്യമെങ്കില്‍ തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കും. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ക്കാണ് ജില്ലാ പ്ലാനിങ് ഓഫിസറുടെ ഓഫിസിലും സംസ്ഥാന തലത്തില്‍ ചീഫ് ടൗണ്‍ പ്ലാനറുടെ ഓഫിസിലും പരാതിപ്പെട്ടി സ്ഥാപിക്കുക. ഈ സംവിധാനത്തെ കുറിച്ച് തദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പൊതുജനത്തിനിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്ന് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.വാര്‍ഡ് സഭകളിലും ഈ വിഷയങ്ങള്‍ അവതരിപ്പിക്കും. ഗ്രാമപ്പഞ്ചായത്തുകളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ്, സൂപ്പര്‍വൈസര്‍, ബ്ലോക്ക് പഞ്ചായത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിലെ സെക്ഷന്‍ ഓഫിസര്‍, ജില്ലാ പഞ്ചായത്തില്‍ റീജനല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിലെ സെക്ഷന്‍ ഓഫിസര്‍, മുനിസിപ്പാലിറ്റികളില്‍ റീജനല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് അര്‍ബന്‍ അഫയേഴ്‌സിലെ സീനിയര്‍ സൂപ്രണ്ട് എന്നിവരാണ് പരാതി സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍.
Next Story

RELATED STORIES

Share it