തദ്ദേശ തിരഞ്ഞെടുപ്പ് - 2015: കേരളം എങ്ങനെ ചിന്തിക്കുന്നു

കാനം രാജേന്ദ്രന്‍

യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരേ ജനങ്ങള്‍ വിധിയെഴുതുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളം എങ്ങനെ ചിന്തിക്കുന്നുവെന്ന വിഷയത്തില്‍ തേജസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍വിജയം നേടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2005 ലും 2010ലും നേടിയ സീറ്റുകളില്‍ നിന്നു ഗണ്യമായ വര്‍ധനയായിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടാവുക. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാവും നടക്കാന്‍ പോവുന്ന തദ്ദേശ തിരഞ്ഞെടുപ്പെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ബാര്‍ കോഴ വിഷയത്തില്‍ കെ എം മാണിക്കെതിരേ നിയമസഭയ്ക്കുള്ളിലും പുറത്തും എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തിയപ്പോള്‍ രാഷ്ട്രീയമാണെന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാനാണ് ഉമ്മന്‍ചാണ്ടിയും കെ എം മാണിയും ശ്രമിച്ചത്. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അതിനനുസരിച്ചുള്ള വിധിയെഴുത്തു തന്നെ കേരളത്തിലെ ജനങ്ങള്‍ നടത്തുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അഡ്വ. ജയശങ്കര്‍

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുഫലം കേരളത്തില്‍ ആ ര്‍ക്ക് അനുകൂലമായിരിക്കുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയനിരീക്ഷന്‍ അഡ്വ. ജയശങ്കര്‍ തേജസിനോട് പറഞ്ഞു. ത്രികോണമല്‍സരത്തിന്റെ പ്രതീതിയുണ്ടെങ്കിലും എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മല്‍സരം. എസ്ഡിപി ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ശക്തമായി മല്‍സര രംഗത്തുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ചിലയിടങ്ങളില്‍ പിഡിപിയും ഉണ്ട്. റിബലുകള്‍ കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ബിജെപി ഈ തിരഞ്ഞെടുപ്പില്‍ വലിയതോതില്‍ പണമൊഴുക്കിയിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. എന്നാല്‍, ഇത് എത്രകണ്ട് അവര്‍ക്ക് ഗുണകരമാവുമെന്നു പറയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പിന്റെ മൊത്തത്തിലുള്ള പ്രചാരണത്തില്‍ എല്‍ഡിഎഫിന് അല്‍പം മേല്‍ക്കൈയുണ്ട്. ബാര്‍ കോഴ വിഷയത്തില്‍ യുഡിഎഫിന്റെ നിലപാട് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എ കെ ആന്റണിയും വി എം സുധീരനുമടക്കമുള്ള നേതാക്കള്‍പോലും വിഷയത്തില്‍ സ്വീകരിച്ച നിലപാട് യുഡിഎഫിന് ഗുണകരമാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എസ്എന്‍ഡിപി-ബിജെപി സഖ്യത്തെ തുടര്‍ന്ന് എല്‍ഡിഎഫിന്റെ വോട്ടുകള്‍ ഭിന്നിക്കുമെന്ന് സന്തോഷിച്ചാണ് യുഡിഎഫ് നില്‍ക്കുന്നത്. ഇത് വെറും വ്യാമോഹം മാത്രമാണെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.

പി കെ നൗഫല്‍ (സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ്)
മുന്‍കാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് നവസാമൂഹിക മാധ്യമങ്ങള്‍ ഏറ്റവും ശക്തമായി ഇടപെടുന്ന തിരഞ്ഞെടുപ്പാണിത്. മറ്റു പ്രചാരണപരിപാടികളെക്കാള്‍ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മുഴച്ചുനിന്നത് സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രചാരണമായിരുന്നു. പ്രാദേശിക വിഷയങ്ങള്‍ മുതല്‍ ദേശീയതലത്തിലെ വിഷയങ്ങള്‍ വരെ ഇന്ന് ഏതൊരു സാധാരണക്കാരനും ലൈവായി സോഷ്യല്‍ മീഡിയകളിലൂടെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും പ്രതിസന്ധിയിലാക്കിയ പശുവിറച്ചിയുടെ പേരില്‍ രാജ്യത്തുണ്ടായ സംഭവവികാസങ്ങള്‍ ജനങ്ങളിലേക്കെത്തിയത് പ്രധാനമായും സോഷ്യല്‍ മീഡിയകള്‍ വഴിയായിരുന്നു. ബിജെപിയെ അനുകൂലിക്കുന്ന ജനങ്ങളെപ്പോലും ഈ പ്രശ്‌നത്തില്‍ ഒരു അപകര്‍ഷതാബോധം വേട്ടയാടുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍. ഇതു തിരിച്ചറിഞ്ഞ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളും ചെറുകക്ഷികള്‍പോലും സൈബര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിവരുന്നുണ്ട്. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ നിഷ്പക്ഷര്‍ എന്നൊരു വലിയവിഭാഗം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാ ല്‍, സോഷ്യല്‍ മീഡിയകളുടെ ഇടപെടലോടെ എല്ലാ വിഷയത്തിലും വ്യക്തമായ പക്ഷംചേരാനും അതിനുവേണ്ടി വാദിക്കാനും ജനങ്ങള്‍ക്കു കഴിയുന്നുണ്ട്.
Next Story

RELATED STORIES

Share it