Districts

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം 76.86%

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: അവസാന ഘട്ടത്തില്‍ ഏഴു ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന വോട്ടെടുപ്പിലും കനത്ത പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കു പ്രകാരം 76.86 ശതമാനമാണ് പോളിങ്. 2010ല്‍ 77.30 ശതമാനം പേരാണ് രണ്ടാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നത്. സംസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിലെ ആകെ പോളിങ് 77.35 ശതമാനമാണ്.
എന്നാല്‍ മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ബൂത്തുകളില്‍ ഇന്നു നടക്കുന്ന റീപോളിങിന്റെ ഫലം കൂടിയാവുമ്പോള്‍ പോളിങ് ശതമാനത്തില്‍ വര്‍ധനയുണ്ടാവും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തൃശൂരാണ്. 2010ലെ തിരഞ്ഞെടുപ്പിലും എറണാകുളമായിരുന്നു മുന്നില്‍. കൊച്ചി കോര്‍പറേഷനില്‍ 68.4ഉം തൃശൂര്‍ കോര്‍പറേഷനില്‍ 71ഉം ശതമാനം പോളിങ് രേഖപ്പെടുത്തി. ഏഴു ജില്ലകളിലെ 12,651 വാര്‍ഡുകളിലായി 44,388 സ്ഥാനാര്‍ഥികളാണ് ഇന്നലെ ജനവിധി തേടിയത്.
1.39 കോടി പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. 86 ലക്ഷം സ്ത്രീകളും 53.8 ലക്ഷം പുരുഷന്മാരുമാണ് വോട്ടര്‍പട്ടികയിലുണ്ടായിരുന്നത്. വോട്ടിങ് യന്ത്രം തകരാറിലായതിനാല്‍ രണ്ടു മണിക്കൂറിലധികം പോളിങ് തടസ്സപ്പെട്ട മലപ്പുറം ജില്ലയിലെ ബൂത്തുകളില്‍ 5 മണി വരെ ക്യൂവിലുണ്ടായിരുന്നവര്‍ക്ക് രാത്രി 7 വരെ വോട്ട് ചെയ്യാന്‍ അനുമതി നല്‍കി.
ബിജെപി കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ച് പാലക്കാട് പള്ളിപ്പുറം ബൂത്തില്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. പലയിടത്തും മഴയാണ് തുടക്കത്തില്‍ വോട്ടിങ് മന്ദഗതിയിലാക്കിയത്. ആദ്യ മണിക്കൂറില്‍ നല്ല പോളിങ് രേഖപ്പെടുത്തിയ മലപ്പുറത്ത് വോട്ടിങ് യന്ത്രങ്ങളുടെ വ്യാപകമായ തകരാറിനെത്തുടര്‍ന്ന് ഉച്ചയോടെ മന്ദഗതിയിലായി. കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി കോര്‍പറേഷനിലെ ബൂത്ത് മാറ്റി.
Next Story

RELATED STORIES

Share it