തദ്ദേശ തിരഞ്ഞെടുപ്പ്; ഭാഗ്യം പരീക്ഷിക്കാന്‍ കുടുംബശ്രീ വനിതകളും

പൊന്നാനി: വനിതാ സ്ഥാനാര്‍ഥികളില്‍ നല്ലൊരു പങ്കും പയറ്റിത്തെളിഞ്ഞ് എത്തിയത് കുടുംബശ്രീ യൂനിറ്റില്‍ നിന്ന്. കുടുംബശ്രീയിലെ വിജയഗാഥ ഭരണത്തിലും ആവര്‍ത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് വോട്ടര്‍മാരും രാഷ്ട്രീയപ്പാര്‍ട്ടികളും. ഏകദേശം 10,000ഓളം സ്ത്രീകള്‍ കുടുംബശ്രീ വഴി സ്ഥാനാര്‍ഥിയായിട്ടുണ്ട്.

സ്ത്രീശാക്തീകരണത്തിന്റെ എല്ലാ പാഠങ്ങളും പയറ്റിത്തെളിഞ്ഞു വിജയിച്ചവരാണ് കുടുംബശ്രീ വനിതകള്‍. കഴിഞ്ഞ വര്‍ഷം വിവിധ യൂനിറ്റുകളില്‍ നിന്ന് 300 കോടിയുടെ ലാഭമാണ് കുടുംബശ്രീ നേടിയത്. 4.2 മില്യണ്‍ സ്ത്രീകളാണ് കുടുംബശ്രീ യൂനിറ്റിലുള്ളത്. കുടുംബത്തിലും സമൂഹത്തിലും ഏറെ ശക്തരാവാന്‍ കഴിഞ്ഞ ഈ മെംബര്‍മാര്‍ക്ക് തിരഞ്ഞെടുപ്പിലും ഭരണത്തിലും വിജയിക്കാനാവുമെന്നാണു കണക്കുകൂട്ടല്‍. വോട്ടര്‍മാരുമായി കുടുംബശ്രീ യൂനിറ്റംഗങ്ങള്‍ക്കുള്ള ബന്ധമാണ് പാര്‍ട്ടികള്‍ ഇവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ പ്രേരിപ്പിച്ചത്. സിപിഎം, മുസ്‌ലിംലീഗ്, ബിജെപി തുടങ്ങിയ പാര്‍ട്ടികളും കുടുംബശ്രീയില്‍ പയറ്റിത്തെളിഞ്ഞവരെ സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ 1,200 സ്ത്രീകള്‍ കുടുംബശ്രീ യൂനിറ്റുകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇവരുടെ പൊതുജനബന്ധം ഉപയോഗപ്പെടുത്തുകയാണ്. ഏറ്റവും കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെ സ്ഥാനാര്‍ഥികളാക്കിയത് കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ്.
മലപ്പുറം ജില്ലയില്‍ മാത്രം 1,260 സ്ഥാനാര്‍ഥികളായി കുടുംബശ്രീ വനിതകളെ നിര്‍ത്തിയതായി ലീഗ് അവകാശപ്പെടുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുടുംബശ്രീ അംഗങ്ങളെ സ്ഥാനാര്‍ഥികളാക്കുന്നത് ഇത്തവണ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നു കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫിസര്‍ ടി ഷാഹുല്‍ ഹമീദ് പറഞ്ഞു.
Next Story

RELATED STORIES

Share it