തദ്ദേശ തിരഞ്ഞെടുപ്പ്; കാരായിമാര്‍ക്ക് പിന്നാലെ ഒ കെ വാസുവിനെയും എ അശോകനെയും മല്‍സരിപ്പിക്കാന്‍ നീക്കം

കണ്ണൂര്‍: ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനെയും ചന്ദ്രശേഖരനെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെ കണ്ണൂര്‍ ബി.ജെ.പിയിലെ മുന്‍നിര നേതാക്കളായിരുന്ന ഒ കെ വാസുവിനെയും എ അശോകനെയും സ്ഥാനാര്‍ഥികളാക്കാന്‍ സി.പി.എമ്മില്‍ ധാരണ. സുരക്ഷിത സീറ്റ് നല്‍കി വിജയിപ്പിച്ച് വാസുവിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവി നല്‍കാനാണു നീക്കം. എന്നാല്‍, ബി.ജെ.പി. മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന എ അശോകന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ഇദ്ദേഹത്തെ ബ്ലോക്ക് പഞ്ചായത്തിലേക്കു മല്‍സരിപ്പിക്കാനാണു സാധ്യത. ഇരുവരോടും മല്‍സരത്തിനു തയ്യാറാവാനാണ് പാര്‍ട്ടി നിര്‍ദേശം. നിലവില്‍ ഒ കെ വാസു കാര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റും എ അശോകന്‍ നിര്‍വാഹകസമിതി അംഗവുമാണ്. സി.പി.എമ്മില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കകമാണ് ഇരുവരും പാര്‍ട്ടിയുടെ കീഴിലുള്ള കര്‍ഷകസംഘത്തിന്റെ തലപ്പത്തെത്തിയത്. നാളെ ചേരുന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണു സൂചന. മല്‍സരിക്കാന്‍ കോടതി അനുമതി തേടി കാരായിമാര്‍ അപേക്ഷ സമര്‍പ്പിക്കുന്നതും ഇതിനു ശേഷമായിരിക്കും. രാജനെ വിജയിപ്പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്തുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലത്തില്‍നിന്ന് മല്‍സരിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടത്രെ. അങ്ങനെ വരുമ്പോള്‍ ഒ കെ വാസുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ത്താമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

അതേസമയം, ബി.ജെ.പി. മുന്‍ ദേശീയസമിതി അംഗമായിരുന്ന ഒ കെ വാസുവിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സി.പി.എമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുകയാണ്. എന്നാല്‍. ജില്ലാ സെക്രട്ടറിയുടെ പ്രത്യേക താല്‍പ്പര്യം ഇതിനു പിന്നിലുണ്ട്. ഇതിനു പുറമെ നേതൃത്വത്തിന്റെ പൂര്‍ണാനുമതി ലഭിക്കുന്നതോടെ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ബി.ജെ.പി. നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസുവിന്റെയും ജില്ലാ സെക്രട്ടറി എ അശോകന്റെയും നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി വിട്ടത്.
Next Story

RELATED STORIES

Share it