തദ്ദേശ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ സംഘര്‍ഷ ഭൂമിയാവുന്നു

എം പി അബ്ദുല്‍ സമദ്

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും രാഷ്ട്രീയസംഘര്‍ഷം തലപൊക്കിത്തുടങ്ങി. സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്തിപ്പു സംബന്ധിച്ച് സ്‌റ്റേഷന്‍ തലങ്ങളില്‍ പോലിസ് സര്‍വകക്ഷി നേതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും താഴേത്തട്ടില്‍ നടപ്പാവുന്നില്ലെന്നാണ് ഇപ്പോള്‍ ജില്ലയില്‍ അരങ്ങേറുന്ന അനിഷ്ടസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
നിസ്സാര പ്രശ്‌നങ്ങളാണ് മിക്കയിടത്തും സംഘര്‍ഷമായി പരിണമിക്കുന്നത്. ഇതു നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്കു സാധിക്കുന്നില്ല. നേതാക്കളെല്ലാം തിരഞ്ഞെടുപ്പു പ്രചാരണച്ചൂടിലാണ്. പ്രാദേശിക നേതാക്കളുടെ അവസ്ഥയും ഇതുതന്നെ. ഇതിനാല്‍, പ്രാദേശിക തലത്തില്‍ നടക്കുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ അറിഞ്ഞാല്‍ തന്നെയും പ്രശ്‌നത്തില്‍ സജീവമായി ഇടപെടാന്‍ ഇവര്‍ക്കു നേരമില്ല. രാഷ്ട്രീയ എതിരാളികള്‍ തമ്മില്‍ മാത്രമല്ല, തിരഞ്ഞെടുപ്പു കാലമായതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലും അങ്കം തുടങ്ങിയിട്ടുണ്ട്.
കോണ്‍ഗ്രസ്സിനെതിരേ പരസ്യപോരിനിറങ്ങിയ വിമതരാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് ഭീഷണി നേരിടുന്നത്. കഴിഞ്ഞ ദിവസം നടുവില്‍ പഞ്ചായത്തിലെ പാത്തന്‍പാറയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയെ ഒരുവിഭാഗം കോണ്‍ഗ്രസ്സുകാര്‍ വീട്ടില്‍കയറി ആക്രമിച്ചിരുന്നു. ഇന്നലെ കൂത്തുപറമ്പിലും പയ്യന്നൂരിലും രാഷ്ട്രീയസംഘര്‍ഷം അരങ്ങേറി. പരസ്പരം പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും അക്രമങ്ങളില്‍ കലാശിക്കുന്നത്. പ്രചാരണ ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുക, എതിരാളികളുടെ വീട്ടില്‍ റീത്തു വയ്ക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ രീതികളും തിരഞ്ഞെടുപ്പിനു മുന്നോടിയായി കണ്ണൂര്‍ ജില്ലയില്‍ പ്രയോഗിക്കുന്നുണ്ട്.
രാത്രിവരെ ഉണ്ടായിരുന്ന കൊടിതോരണങ്ങള്‍ പിറ്റേന്ന് അപ്രത്യക്ഷമാവലും സ്ഥാനാര്‍ഥികളുടെ ഫഌക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കലും വ്യാപകമാണ്. ചിലയിടങ്ങളില്‍ ഫഌക്‌സില്‍ സ്ഥാനാര്‍ഥിയുടെ തല വെട്ടിമാറ്റിയ നിലയിലാണ്. വോട്ടെടുപ്പു കഴിഞ്ഞാല്‍ ഇതിനെല്ലാം മറുപടിയുണ്ടാവുമെന്ന വിധത്തിലുള്ള പ്രകോപനങ്ങളും വിരളമല്ല.
പലയിടത്തും സിപിഎം, ബിജെപി കക്ഷികളാണ് പ്രതിസ്ഥാനത്തുള്ളത്. തങ്ങള്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും എതിരാളികള്‍ക്കെതിരേ തിരിയുന്നുണ്ട്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പരക്കെ രാഷ്ട്രീയസംഘര്‍ഷത്തിനു സാധ്യയുണ്ടെന്നാണ് പോലിസ് ഇന്റലിജന്‍സ് റിപോര്‍ട്ട്.
ഇതേത്തുടര്‍ന്ന് സ്ഥിരം സംഘര്‍ഷബാധിത മേഖലകളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കാനാണു തീരുമാനം. സംസ്ഥാനത്ത് മൂവായിരത്തോളം പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കാക്കിയിട്ടുള്ളത്.
ഇവയിലേറെയും കണ്ണൂര്‍ ജില്ലയിലാണ്. പുതിയ സഖ്യസാധ്യതകള്‍ ഉരുത്തിരിഞ്ഞ സാഹചര്യത്തിലും ചിലയിടങ്ങളില്‍ സംഘര്‍ഷസാധ്യത തള്ളിക്കളയാനാവില്ല. ഒരാഴ്ച മുമ്പ് കൂത്തുപറമ്പ് പഴയനിരത്തില്‍ കണ്ടെത്തിയ ആയുധശേഖരം ഇത്തരം മുന്നൊരുക്കത്തിന് ഉദാഹരണമാണെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.
ജില്ലയിലെ 400ലേറെ പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്നുണ്ടെങ്കിലും കേന്ദ്രസേനയുടെ വരവു സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. 10 കമ്പനി കേന്ദ്രസേനയെ ജില്ലയിലേക്ക് അയക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമറിയിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ കര്‍ണാടക, തമിഴ്‌നാട് പോലിസിനെ അധികമായി നിയോഗിക്കാനാണു സാധ്യത.
Next Story

RELATED STORIES

Share it