Kerala

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടം; ഏഴ് ജില്ലകള്‍ ഇന്ന് വിധിയെഴുതും

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്ന് ഏഴു ജില്ലകള്‍ പോളിങ് ബൂത്തിലേക്ക്. തെക്കന്‍ കേരളത്തില്‍ നിന്നു തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളും വടക്കന്‍ കേരളത്തില്‍ നിന്നു കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളുമാണ് ഇന്നു വിധിയെഴുതുക. രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് വോട്ടെടുപ്പ്. വൈകീട്ട് 5 മണിക്ക് ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും ടോക്കണ്‍ നല്‍കി വോട്ടു ചെയ്യാന്‍ അവസരമൊരുക്കും. ഏഴു ജില്ലകളിലെ 9220 വാര്‍ഡുകളിലേക്ക് 1,11,11,006 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ആകെ 31,161 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത് 582, ബ്ലോക്ക് പഞ്ചായത്ത് 2844, ഗ്രാമപ്പഞ്ചായത്ത് 22,788, കോര്‍പറേഷന്‍ 1315, മുനിസിപ്പാലിറ്റി 3632 എന്നിങ്ങനെയാണ് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം. അതേസമയം, പ്രചാരണ കോലാഹലങ്ങളില്‍ നിന്നു മാറി നിശ്ശബ്ദ പ്രചാരണം സജീവമാക്കിയ സ്ഥാനാര്‍ഥികള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

അടിയൊഴുക്കുകളെ തടഞ്ഞു വോട്ടുറപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഇന്നലെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. ചര്‍ച്ചകളില്‍ കേന്ദ്രീകരിച്ചും വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയും വോട്ടുകള്‍ ഉറപ്പിക്കാനാണ് സ്ഥാനാര്‍ഥികള്‍ ശ്രമിച്ചത്. അതേസമയം, വോട്ടെടുപ്പിനു പോളിങ് ബൂത്തുകള്‍ സജ്ജമായിക്കഴിഞ്ഞു. ഇന്നലെ രാവിലെ  മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരുന്നു. ഇന്നു രാവിലെ 6.30നു സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ മോക് പോളിങ് നടക്കും. പോളിങിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ബദല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനു ഗ്രാമപ്പഞ്ചായത്തുകളില്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലേക്കായി മൂന്നു വോട്ട് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

സംസ്ഥാനത്തൊട്ടാകെ 1316 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഇതില്‍ 643 എണ്ണവും കണ്ണൂരിലാണ്. പ്രശ്‌നബാധിത ബൂത്തുകളായി കണക്കാക്കപ്പെട്ടവയില്‍ 1022 ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രശ്‌നബാധിത ബൂത്തുകളിലെ പോളിങ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. സുരക്ഷയ്ക്കായി 38,000 പോലിസുകാരെയും നിയോഗിച്ചിട്ടുണ്ട്. 5നു നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനു ശേഷം 7നാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it