തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 8,750 പേരെ അയോഗ്യരാക്കി

തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 8,750 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യരാക്കി. തിരഞ്ഞെടുപ്പു ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതിനുമാണ് നടപടി. ഇന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യത. ഇതുവഴിയുണ്ടാവുന്ന ഒഴിവ് കമ്മീഷനെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇനി നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലോ 2020ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതിരഞ്ഞെടുപ്പുകളിലോ മല്‍സരിക്കാനാവില്ല. ഗ്രാമപ്പഞ്ചായത്തില്‍ 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 30,000 രൂപയും ജില്ലാ പഞ്ചായത്തില്‍ 60,000 രൂപയുമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളില്‍ ഒരു സ്ഥാനാര്‍ഥിക്ക് യഥാക്രമം 30000, 60000 രൂപയാണ് വിനിയോഗിക്കാനാവുക. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരില്‍ ചെലവു കണക്ക് നല്‍കിയവരുടെയും നല്‍കാത്തവരുടെയും വിവരം ഉദ്യോഗസ്ഥര്‍ കമ്മീഷനു നല്‍കിയിരുന്നു. ഈ റിപോര്‍ട്ട് പരിശോധിച്ച കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മതിയായ കാരണങ്ങള്‍ ബോധിപ്പിച്ച് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരായ നടപടികള്‍ കമ്മീഷന്‍ അവസാനിപ്പിച്ചു. ബാക്കിയുള്ള 1200 സ്ഥാപനങ്ങളിലെ 8750 പേര്‍ക്കാണ് അയോഗ്യത. ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നു മല്‍സരിച്ച 7178 പേരെയും മുനിസിപ്പാലിറ്റികളിലേക്കും കോര്‍പറേഷനുകളിലേക്കും മല്‍സരിച്ച 1572 പേരെയുമാണ് അയോഗ്യരാക്കിയത്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേര്‍ (1031) അയോഗ്യരായത്. കുറവ് വയനാട് (161). കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള മലപ്പുറം (122) ജില്ലയില്‍ 972 പേരെ അയോഗ്യരാക്കി. കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ (ംംം. ലെര.സലൃമഹമ.ഴീ്.ശി) ലഭിക്കും.
Next Story

RELATED STORIES

Share it