Kottayam Local

തദ്ദേശ തിരഞ്ഞെടുപ്പിലെ പാര്‍ട്ടി നിലപാടുകളും മാണിക്ക് തിരിച്ചടിയായി

കുറവിലങ്ങാട്: കെ എം മാണിയെ രാജിവയ്പ്പിക്കാന്‍ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതിനു പിന്നില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കൊപ്പം തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്സിനെതിരേ കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വം കൈക്കൊണ്ട നിലപാടുകളും കാരണമായി. കോണ്‍ഗ്രസ് പ്രാദേശിക ജില്ലാ ഘടകങ്ങളെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്സിനെതിരേ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ മല്‍രിപ്പിച്ചതും മാണിയുടെ രാജി ആവശ്യത്തിനായുള്ള മുറവിളിയ്ക്ക് വേഗത കൂട്ടി. പല ജില്ലകളിലും കോണ്‍ഗ്രസ്സിന്റെ പ്രാദേശിക, ജില്ലാ നേതാക്കളെ ധിക്കരിച്ച് സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചിട്ടും കെ എം മാണി സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ പോലും നിര്‍ദേശിക്കാത്തത് സംബന്ധിച്ച് പഞ്ചായത്തു തല കമ്മിറ്റികള്‍ വരെ കെപിസിസിക്കും വി എം സുധീരനും പരാതി നല്‍കിയിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തും കേരളാ കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിനെതിരേ പടയൊരുക്കം നടത്താന്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ നടത്തിയ രഹസ്യനീക്കം മനസ്സിലായതാണ് അഴിമതി ആരോപണ വിധേയനായ മാണിയുടെ രാജി ആവശ്യപ്പെട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നത്.
കേസിന്റെ പല നിര്‍ണായകഘട്ടങ്ങളിലും മാണിയെ സംരക്ഷിച്ചിട്ടും പ്രാദേശിക തലത്തിലുള്ള നേതാക്കളെ പോലും കേരളാ കോണ്‍ഗ്രസ് (എം) എംഎല്‍എമാരും എംപിമാരും ഗൗനിക്കാറില്ല എന്ന പരാതിയും കെപിസിസി നേതൃത്വവും ഹൈക്കമാന്റും പരിഗണിച്ചതാണ് കോടതി പരാമര്‍ശം വന്ന ഉടന്‍ മാണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളും രംഗത്തുവന്നത്. നേരത്തെ കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ച കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ അധ:പതനത്തിനും കാരണമായത് കോണ്‍ഗ്രസ്സിനെ പിണക്കിയത് മാത്രമാണെന്ന് ബാലകൃഷ്ണപിള്ളയുടെ വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ആരോപണമുണ്ട്. കൂടാതെ ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയുടേയും രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാക്കിയതും കോണ്‍ഗ്രസ് നേതൃത്വമാണെന്നുള്ള കാര്യം കേരളകോണ്‍ഗ്രസ് (എം) ചിന്തിച്ചില്ല. ഇനി മുതല്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പകപോക്കലുകള്‍ക്കാണ് കേരളം ദൃക്‌സാക്ഷിയാവാന്‍ പോകുന്നത് എന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it