palakkad local

തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 തദ്ദേശസ്വയംഭരണ സ്ഥാപനവാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്  മുന്‍തൂക്കം. കോര്‍പറേഷന്‍, നഗരസഭ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ നടന്ന ഉപതിരഞ്ഞടുപ്പുകളിലാണ് എല്‍ഡിഎഫ് 12 സീറ്റുകള്‍ നേടിയത്  ഏഴിടത്ത് യുഡിഎഫ് വിജയിച്ചു. കണ്ണൂരിലെ ഉളിക്കല്‍ പഞ്ചായത്തിലെ കതുവാപ്പറമ്പ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ ജെസി ജയിംസ് നടയ്ക്കല്‍ വിജയിച്ചു (ഭൂരിപക്ഷം- 288). കോണ്‍ഗ്രസ് അംഗമായിരുന്ന ഷെനി ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. ഇരിട്ടി നഗരസഭയിലെ ആട്ട്യലം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
സിപിഎമ്മിലെ കെ അനിത വിജയിച്ചു. (ഭൂരിപക്ഷം- 253). സിപിഎം അംഗമായിരുന്ന വി അനിത സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നു രാജിവച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. പാപ്പിനിശ്ശേരി പഞ്ചായത്തിലെ ധര്‍മക്കിണര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ എം സീമ വിജയിച്ചു. (ഭൂരിപക്ഷം- 478). സിപിഎം അംഗമായിരുന്ന കണ്ടേന്‍ മുകേഷ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്നു രാജിവച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ്.
പത്തനംതിട്ട ജില്ലയില്‍ നടന്ന അഞ്ച് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മൂന്നെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടെണ്ണത്തി ല്‍ യുഡിഎഫും വിജയിച്ചു. യുഡിഎഫിന്റെ രണ്ടു സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. അങ്ങാടി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ ദീപാ സജി ഏഴ് വോട്ടിന് ജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
പഞ്ചായത്തംഗം വിദേശത്ത് പോയ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മല്ലപ്പുഴശ്ശേരി ഓന്തേക്കാട് വടക്ക് വാര്‍ഡില്‍ യുഡിഎഫിന്റെ എബ്രഹാം റ്റി എ 35 വോട്ടിനും മല്ലപ്പുഴശ്ശേരി ഓന്തേക്കാട് വാര്‍ഡില്‍ എല്‍ഡിഎഫിന്റെ ഉഷാകുമാരി എസ് 165 വോട്ടിനും മല്ലപ്പുഴശ്ശേരി കുഴിക്കാല കിഴക്ക് എല്‍ഡിഎഫിന്റെ ശാലിനി അനില്‍ കുമാര്‍ 52 വോട്ടിനും പന്തളം തെക്കേക്കര പൊങ്ങലടി എല്‍ഡിഎഫിന്റെ കൃഷ്ണകുമാര്‍ 130 വോട്ടിനും വിജയിച്ചു. കൊല്ലം കോര്‍പറേഷനിലെ അമ്മന്‍നട ഡിവിഷനിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.
സിപിഎം സ്ഥാനാര്‍ഥി ചന്ദ്രികാദേവി 242 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കൗണ്‍സിലര്‍ അഞ്ജു കൃഷ്ണ ജോലി ലഭിച്ചതിനെ തുടര്‍ന്നു രാജിവച്ചതിനാലാണു തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര്‍ വടക്ക് ഡിവിഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ ആര്‍ എസ് ജയലക്ഷ്മി 1581 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജിയച്ചു. യുഡിഎഫാണ് രണ്ടാം സ്ഥാനത്ത്.പാലക്കാട് കുഴല്‍മന്ദം ബ്ലോക്കിലെ കോട്ടായി ഡിവിഷന്‍ എല്‍എഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ കെ ജയരാജനാണ് വിജയിച്ചത് (ഭൂരിപക്ഷം- 1403).
സിപിഎം അംഗം എ എസ് അനീഷ് മരിച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ നിരപ്പറമ്പ് വാര്‍ഡില്‍ സിപിഎമ്മിലെ ഷാജി പാറയ്ക്കല്‍ വിജയിച്ചു (ഭൂരിപക്ഷം- 263). സിപിഎമ്മിലെ വി സുകുമാരന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.മലപ്പുറം പോത്തുകല്ല് പഞ്ചായത്തില്‍ കൈവിട്ടുപോയ ഭരണം ഉപതിരഞ്ഞെടുപ്പ് ജയത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. ഏഴാംവാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ച മുന്‍ സിപിഎം അംഗം സി എച്ച് സുലൈമാന്‍ ഹാജി വിജയിച്ചു.
അടുത്തിടെ ഞെട്ടിക്കുളം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ യുഡിഎഫില്‍നിന്ന് ഭരണം സിപിഎം പിടിച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് സുലൈമാന്‍ ഹാജി രാജിവച്ചു. അതേ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് 167 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇപ്പോള്‍ വിജയിച്ചത്.
17 അംഗ ഭരണസമിതിയില്‍ ഇപ്പോള്‍ യുഡിഎഫിന് ഒമ്പത് അംഗങ്ങളായി. മഞ്ചേരി നഗരസഭയിലെ പാലക്കളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കട്ടിലപ്പറമ്പ് വേലായുധന്‍ 119 വോട്ടുകള്‍ക്ക് വിജയിച്ചു.കോഴിക്കോട് ഉള്ളിയേരി പഞ്ചായത്ത് 12ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.
സിപിഎമ്മിന്റെ രമ കൊട്ടാരത്തില്‍ 274 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് ആണു പഞ്ചായത്ത് ഭരിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ പതിനഞ്ചാം വാര്‍ഡായ പന്തലായനിയില്‍ എല്‍ഡിഎഫിന്റെ രേഖ വികെ 351 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. ഇവിടെ രതീഷ് ആര്‍എസ് 518 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
35 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന വാര്‍ഡാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. ഇവിടെ ഷാരോണ്‍ റ്റി എസ് 131 വോട്ടുകള്‍ക്ക് വിജയിച്ചു. ഇടുക്കി കട്ടപ്പന നഗരസഭാ ആറാം വാര്‍ഡായ വെട്ടിക്കുഴക്കവലയില്‍ യുഡിഎഫിന്റെ അഡ്വ. സണ്ണി ചെറിയാന്‍ കുറ്റിപ്പുറത്ത് 119 വോട്ടുകള്‍ക്ക് വിജയിച്ചു.
Next Story

RELATED STORIES

Share it